സാധനങ്ങളുടെ കുറഞ്ഞ വില മാത്രം രേഖപ്പെടുത്തിയുള്ള പരസ്യ രീതിക്കു വിലക്ക്
Monday, June 29, 2015 7:10 AM IST
ദമാം: വിവിധ സാധനങ്ങളുടെ കൂടിയ വില വ്യക്തമാക്കാതെ ഏറ്റവും കുറഞ്ഞ വില മാത്രം പരസ്യപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ വാണിജ്യ രീതിക്കു മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

ഓരോ ഉത്പന്നത്തിനും കൃത്യമായ വില വിവരം വ്യക്തമാക്കാതെയുള്ള കച്ചവടരീതിയില്‍ ജനങ്ങള്‍ കബളിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ സ്ഥാപനങ്ങളുടെ ഇത്തരം പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി ഡോ. തൌഫീഖ് അല്‍ റബീഅ ഉത്തരവിറക്കി.

ഓരോ ഉത്പന്നത്തിന്റെയും യഥാര്‍ഥ വില പരസ്യത്തില്‍ വെളിപ്പെടുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. വിവിധ ഉത്പന്നങ്ങള്‍ക്കു കുറഞ്ഞ വില മാത്രം പ്രസിദ്ധപ്പെടുത്തി ജനങ്ങള്‍ വാങ്ങുന്ന ഘട്ടത്തില്‍ കൂടുതല്‍ വിലയിടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനാലാണു മന്ത്രാലയം ഇടപെട്ടത്.

ഉത്പന്നങ്ങളുടെ കൂടുതല്‍ ഗുണമേന്മകളും കുറഞ്ഞ വിലയും പരസ്യം ചെയ്യുന്ന ചില ഘട്ടങ്ങളില്‍ യാഥാര്‍ഥ്യകാര്യം മറച്ചുവയ്ക്കുന്നതായാണു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഓരോ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വിലയും കൂലിയും പരസ്യപ്പെടുത്തുമ്പോള്‍ കൃത്യമായി ഓരോന്നിന്റെയും വിലയും സേവന നിരക്കും വ്യക്തമാക്കിയിരിക്കണം. വില അറബിയില്‍ രേഖപ്പെടുത്തിയിരിക്കണം.

നിയമം ലംഘിക്കുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.വില രേഖപ്പെടുത്താത്തതിന് ഓരോ ഉത്പന്നത്തിനും 5000 റിയാല്‍ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം