സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം: സൌദി വിദ്യഭ്യാസ മന്ത്രാലയം
Saturday, June 27, 2015 8:17 AM IST
ദമാം: സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന സംബന്ധിച്ച വിവരങ്ങള്‍ സ്കൂളുകളുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കണമെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളുകളോടും ആവശ്യപ്പെട്ടു.

നിരവധി സ്കൂളുകള്‍ ഇതിനകം ഫീസ് വര്‍ധനക്കു അനുമതി ആവശ്യപ്പെട്ട് മന്ത്രാലയത്തിനു അപേക്ഷ നല്‍കി. ഇതില്‍ 25 ശതമാനം വരുന്ന അപേക്ഷകള്‍ അംഗീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുള്ള യാത്ര ഫീസൊഴികെയുള്ള മറ്റു ഫീസുകള്‍ വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. സ്കൂളുകള്‍ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

സ്കൂളുകളുടെ സൌകര്യം, അധ്യാപകരുടെ എണ്ണം പരീക്ഷ ഫലം എന്നിവയെല്ലാം പരിശോധിച്ചാണ് ഫീസ് വര്‍ധന അനുവദിക്കുക. ഇതിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ സ്കുളുകള്‍ തോന്നിയ പോലെ ഫീസ് വാങ്ങിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധിപ്പിക്കുന്നതിനു മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം കൊണ്ടുവന്നത്.

അമിതമായി ഫീസ് വര്‍ധിപ്പിച്ച 45 സ്വകാര്യ ഇന്റര്‍ നാഷണല്‍ സ്കുളുകള്‍ക്കു എതിരെ ഇതിനകം നടപടി എടുത്തതായി മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം