സര്‍ഗവേദിയില്‍ പുസ്തക പ്രകാശനം നടത്തി
Wednesday, June 24, 2015 5:07 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സാഹിത്യസ്നേഹികളുടെ സര്‍ഗവേദിയില്‍ പുസ്തക പ്രകാശനം നടത്തി.

ജൂണ്‍ 21നു നടന്ന ചടങ്ങില്‍ സര്‍ഗസാന്നിധ്യംകൊണ്ട് സമ്പന്നമായ സദസിനെ സാക്ഷി നിര്‍ത്തി പി.ടി. പൌലോസിന്റെ 'കാലത്തിന്റെ കൈയൊപ്പ്' എന്ന ലേഖനസമാഹാരം സര്‍ഗവേദിയുടെ അധ്യക്ഷന്‍ മനോഹര്‍ തോമസ് അമേരിക്കയില്‍ പഴയ കാലസാഹിത്യകാരനും മുഖ്യാതിഥിയുമായ ജോയന്‍ കുമരകത്തിനു നല്‍കി പ്രകാശനം ചെയ്തു.

നാടകകൃത്ത്, നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്ന നിലകളില്‍ തൊട്ടതിലെല്ലാം ശോഭിച്ച പി.ടി. പൌലോസിന്റെ പതിനൊന്നാമത്തെ പുസ്തകമാണു പതിനാല് ലേഖനങ്ങളടങ്ങിയ 'കാലത്തിന്റെ കൈയൊപ്പ്' എന്ന സമാഹാരം. ഇതിലെ ലേഖനങ്ങളില്‍ സ്വാമി വിവേകാനന്ദനെപ്പറ്റിയും നേതാജിയെപ്പറ്റിയും എഴുതിയ വിവരങ്ങള്‍ പലര്‍ക്കും അറിയാത്തതാണ്.

മലയാള നാടകസാഹിത്യത്തില്‍ ഒരു ചിന്താവിപ്ളവത്തിനു തുടക്കമിട്ട സി.ജെ.തോമസ്, സി.ജെ. റോസി പ്രണയം വിവാഹത്തിലെത്തിയപ്പോള്‍, യാഥാസ്ഥിതികത്വത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്നതായി ജോയന്‍ കുമരകം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ പ്രഫ. എം.ടി. ആന്റണി, ഡോ. ജോയ് ടി. കുഞ്ഞാപ്പു, ജെ. മാത്യൂസ്, ഡോ. എന്‍.പി. ഷീല, ഡോ. നന്ദകുമാര്‍, പ്രഫ. ചന്ദ്രദാസന്‍ എന്നിവര്‍ സംസാരിച്ചു.

പി.ടി. പൌലോസ് മറുപടി പ്രസംഗത്തില്‍ കോല്‍ക്കത്തയിലെ പത്രപ്രവര്‍ത്തന ഭൂതകാലമാണ് എഴുത്തിലേക്കു വഴിതെളിച്ചതെന്നും പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെയുള്ള യാത്രയില്‍ എഴുതാന്‍ വിഷയം വീണു കിട്ടുമെന്നും പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങ് സമാപിച്ചു.