കുവൈറ്റ് ഒഐസിസി പ്രതിഷേധിച്ചു
Tuesday, June 23, 2015 7:00 AM IST
കുവൈറ്റ്: കുവൈറ്റില്േക്കുള്ള മെഡിക്കല്‍ ചെക്കപ്പിനുള്ള സെന്റര്‍ കേരളത്തില്‍ നിര്‍ത്തലാക്കിയതിനെതിരെ കുവൈറ്റ് ഒഐസിസി പ്രതിഷേധിച്ചു. ആയിരക്കണക്കിനു പ്രവാസി മലയാളികളെ ദുരിതത്തിലാക്കി കുവൈറ്റിലേക്കുള്ള മെഡിക്കല്‍ ചെക്കപ്പിനുള്ള സെന്റര്‍ മുംബൈയില്‍ മാത്രമാക്കിയ നടപടിക്കെതിരേ കുവൈറ്റ് ഒഐസിസി പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജിനു പരാതി നല്‍കി.

കേരള മുഖ്യമന്ത്രിയുടെയും പ്രവാസികാര്യ മന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവരുമെന്നു പ്രവാസി ക്ഷേമകാര്യ ബോര്‍ഡംഗവും കുവൈറ്റ് ഒഐസിസി പ്രസിഡന്റുമായ വര്‍ഗീസ് പുതുകുളങ്ങര പറഞ്ഞു.

3800 രുപ മാത്രമായിരുന്ന മെഡിക്കല്‍ ചാര്‍ജ് ഇപ്പോള്‍ സാധാരണക്കാരായ പ്രവാസി തൊഴിലന്വഷകര്‍ക്ക് താങ്ങാനാവാത്ത 24,000 രൂപയോളമാക്കിയുയര്‍ത്തിയതിനെ തുടര്‍ന്നാണു സെന്റര്‍ കൊച്ചിയില്‍നിന്നു മുംബൈയിലേക്കു മാറ്റിയത്. അധിക ചെലവിനു പുറമേ വന്‍ യാത്രച്ചെലവും സമയനഷ്ടവും കേരളത്തിലെ പ്രവാസിതൊഴിലാളികളെ വലയ്ക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആയിരക്കണക്കിനു മലയാളികള്‍ക്ക് ഗുണകരമായ രീതിയില്‍ കൊച്ചിയിലെ മെഡിക്കല്‍ ചെക്കപ്പ് സെന്റര്‍ പുനഃസ്ഥാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോടു ശക്തമായി ആവശ്യപ്പെടുന്നതായി ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍