സാല്‍മിയ മേഖല 'കിങ്ങിണിക്കൂട്ട'ത്തിനു തുടക്കം കുറിച്ചു
Saturday, June 20, 2015 8:13 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 'കിങ്ങിണിക്കൂട്ടം' മാതൃഭാഷാ പഠനക്ളാസുകളുടെ സാല്‍മിയ മേഖലാ ഉദ്ഘാടനം ജൂണ്‍ 17 നു (ബുധന്‍) വൈകുന്നേരം ഏഴിനു മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ. രാജു തോമസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

സാല്‍മിയ സെന്റ് മേരീസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ യുവജനപ്രസ്ഥാനം ലേവൈസ് പ്രസിഡന്റ് ജെറി ജോണ്‍ കോശി സ്വാഗതവും കിങ്ങിണിക്കൂട്ടം കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം സി. അലക്സ് നന്ദിയും പ്രകാശിപ്പിച്ചു. സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു ടി. ജോര്‍ജ്, ഒസിവൈഎം പത്താമത് വാര്‍ഷിക കണ്‍വീനര്‍ ഷൈജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം കണ്‍വീനര്‍ ജോമോന്‍ ജോണ്‍ ചൊല്ലിക്കൊടുത്തു. ഫാ. രാജു തോമസ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

വേനലവധിക്കാലം ഫലപ്രദമാക്കാവാന്‍ വേണ്ടി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാമത് വര്‍ഷമാണ് കുട്ടികള്‍ക്കായി മലയാളം ക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 50ഓളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ക്ളാസുകള്‍ ജൂണ്‍ 29നു സമാപിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍