മെരിലാന്‍ഡില്‍ സപ്തതി പിന്നിട്ടവരെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിച്ചു
Wednesday, June 17, 2015 5:20 AM IST
സില്‍വര്‍സ്പ്രിംഗ്: സപ്തതി പിന്നിട്ട, മെരിലാന്‍ഡ് ഏരിയയില്‍നിന്നുള്ള അഞ്ച് ഇടവകകളിലെ സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ആദരിച്ചു.

ജൂണ്‍ ഏഴിന് (ഞായര്‍) ഉച്ചകഴിഞ്ഞ് സില്‍വര്‍സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.

ഭദ്രാസനത്തെ പടുത്തുയര്‍ത്തുന്നതില്‍ മുന്‍ മെത്രാപ്പോലീത്തമാരായ മാര്‍ മക്കാറിയോസും മാര്‍ ബര്‍ണബാസും ചെയ്ത സേവനങ്ങളെ മാര്‍ നിക്കോളോവോസ് സ്മരിച്ചു. ഈ രാജ്യത്ത് പള്ളി നിര്‍മിക്കുന്നതിലും മറ്റും മുതിര്‍ന്ന തലമുറ ചെയ്ത സേവനങ്ങളെയും മാര്‍ നിക്കോളോവോസ് ശ്ളാഘിച്ചു. പ്രതികൂല സാഹചര്യങ്ങളിലും മക്കളെ ആധ്യാത്മികതയില്‍ വളര്‍ത്തുവാനും ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ തങ്ങളുടേതായ പങ്കുവഹിക്കുവാനും മുതിര്‍ന്ന തലമുറ ശ്രദ്ധാലുക്കളായിരുന്നുവെന്നതു മാര്‍ നിക്കോളോവോസ് പ്രത്യേകം പരാമര്‍ശിച്ചു.

ഇടവകവികാരി ഫാ. ലാബി ജോര്‍ജ് സ്വാഗതം പറഞ്ഞു. ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ന്യൂജനറേഷന്റെ ആവശ്യങ്ങളിലും പ്രായമായ തലമുറയ്ക്കു നല്‍കേണ്ട പരിഗണനകളിലും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുര്യാക്കോസ് പ്രസംഗിച്ചു.

ആദരവ് സമ്മേളനം സംഘടിപ്പിച്ചതില്‍ ഭദ്രാസനത്തിനും സമ്മേളനം സംഘടിപ്പിച്ചതില്‍ സ്വന്തം ഇടവകയ്ക്കും ഡോ. തോമസ് വര്‍ഗീസ് നന്ദി പറഞ്ഞു. സമ്മേളനം സംഘടിച്ചിച്ച സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കും വികാരിക്കും മാര്‍ നിക്കോളോവോസ് പ്രത്യേകം നന്ദി അറിയിച്ചു.

റവ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍, പോള്‍ കറുകപ്പിള്ളി, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, യൂത്ത് കോണ്‍ഫറന്‍സ് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍