അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'ബൊക്കെ ഓഫ് ഇമോഷന്‍സ്' പ്രകാശനം ചെയ്തു
Tuesday, June 16, 2015 4:26 AM IST
അബുദാബി: അമേരിക്കന്‍ മലയാളിയും പ്രശസ്ത സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ് ഇമോഷന്‍സ്' എന്ന പുസ്തകം അബുദാബിയില്‍ പ്രകാശനം ചെയ്തു. രണ്ടു പതിറ്റാണ്ടായി ഡിട്രോയിറ്റില്‍ ഔദ്യോഗിക ജീവിതം നയിച്ചു വന്നിരുന്ന അബ്ദുള്‍ ജോലിയില്‍നിന്നു വിരമിച്ചു കേരളത്തിലേക്കുള്ള യാത്രാമധ്യേ അബുദാബിയില്‍വച്ചാണു പുസ്തകം പ്രകാശനം ചെയ്തത്. അബുദാബി ഫ്രണ്ട്സ് എഡിഎംഎസ് സംഘടിപ്പിച്ച ചടങ്ങില്‍ സംബന്ധിക്കവേ 'ബൊക്കെ ഓഫ് ഇമോഷന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍, ടി.എ. നാസറിനു ആദ്യ പ്രതി നല്‍കിക്കൊണ്ട് നിര്‍വഹിച്ചത്.

അബുദാബി ഫ്രണ്ട്സ് എഡിഎംഎസ് പ്രസിഡന്റ് സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു പ്രശംസാഫലകം നല്‍കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

മിഷിഗണ്‍ ആസ്ഥാനമായുള്ള ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ സെക്രട്ടറി, 'മിലന്‍' പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (മാം) ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സാഹിത്യ സേവനത്തിനു അപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ സാഹിത്യ രചനകള്‍ ഇതിനോടകം ലോകപ്രശസ്തമാണ്. നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഡിട്രോയിറ്റിലെ കേരള ക്ളബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡിഎംഎ), മിഷിഗണ്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ ലൈഫ് മെംബറാണ് അബ്ദുള്‍.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ