മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടു, കരംജിത് സിംഗ് നാട്ടിലേക്ക് മടങ്ങി
Saturday, June 13, 2015 4:41 AM IST
റിയാദ്: യുഎഇയിലെ ഒരു പ്രമുഖ ട്രേഡിംഗ് കമ്പനിയിലെ ലോഡുമായി ജിദ്ദയില്‍ വന്നു തിരിച്ചു പോകുന്നതിനിടെ റിയാദിനടുത്തുവെച്ചു അപകടത്തില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പഞ്ചാബ് സ്വദേശി കരംജിത് സിംഗ് മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടേയും പയ്യന്നൂര്‍ സൌഹൃദവേദി പ്രവര്‍ത്തകരുടേയും സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്കു മടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കരംജിത് സാമൂഹ്യ പ്രവര്‍ത്തകനായ നൂറുദ്ദീന്‍ കൊട്ടിയത്തോടൊപ്പമാണ് നാട്ടിലേക്ക് പോയത്.

മേയ് എട്ടിനാണു മക്ക റിയാദ് ഹൈവേയില്‍ റിയാദിന് സമീപം കരംജിത് അപകടത്തില്‍പ്പെടുന്നതു. വഴി ചോദിക്കുന്നതിനായി പുറത്തിറങ്ങിയ കരംജിതിനെ പുറകെ വന്ന വണ്ടി ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. ഹൈവേ പോലീസും പുറകെ വന്ന വണ്ടിക്കാരുമാണ് ഗുരുതരമായി പരിക്കേറ്റ കരംജിതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടതു കാലിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് അല്‍ ഈമാന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ദുബായിയിലുള്ള കമ്പനി അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് റിയാദിലെ പയ്യന്നൂര്‍ സൌഹൃദവേദി പ്രവര്‍ത്തകര്‍ കരംജിതിനെ സഹായിക്കാനെത്തിയത്.

ആശുപത്രി ചികിത്സക്കിടെ സൌദിയിലേക്കുള്ള സന്ദര്‍ശക വിസ കാലാവധി തീര്‍ന്നത് കരംജിതിന്റെ മടക്കയാത്ര കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

രണ്ടാഴ്ച ആശുപത്രിയില്‍ കിടന്ന ശേഷം ഡിസ്ചാര്‍ജ് ചെയ്ത കരംജിത് സിംഗിനെ മൂന്നാഴ്ചയോളം സംരക്ഷിച്ചത് പയ്യന്നൂര്‍ സൌഹൃദവേദി പ്രവര്‍ത്തകനായ സത്യന്‍ കുഞ്ഞിമംഗലമായിരുന്നു. പി.എസ്.വി ജീവകാരുണ്യ സമിതി കണ്‍വീനര്‍ ടി.എ.ബി അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ഉണ്ടാക്കി തര്‍ഹീലില്‍ സമര്‍പ്പിച്ച് എക്സിറ്റ് നേടി. പിന്നീട് കരംജിത് സിംഗിനെ നാട്ടിലേക്കുള്ള യാത്രയില്‍ അനുഗമിക്കാന്‍ ആളെ കിട്ടാനാണ് പി.എസ്.വി അംഗങ്ങള്‍ പ്രയാസപ്പെട്ടത്. പഞ്ചാബിലേക്കുള്ള യാത്രക്കാര്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ തയ്യാറായില്ല. പിന്നീടാണ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകനായ നൂറുദ്ദീന്‍ കൊട്ടിയം അനുഗമിക്കാമെന്നേറ്റത്. കഴിഞ്ഞ ആഴ്ചയില്‍ എല്ലാ രേഖകളും ശരിയാക്കി എയര്‍പോര്‍ട്ടില്‍ പോയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യാത്ര മുടങ്ങിയിരുന്നു. പിന്നീടാണ് എല്ലാം ശരിയായ ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതു.

ഒരു മാസത്തിലേറെ തനിക്കു ആശ്വാസവുമായി കൂടെ നിന്ന പിഎസ്വി പ്രവര്‍ത്തകരോടു നിറകണ്ണുകളോടെ കരംജിത് യാത്ര പറഞ്ഞു. അഷ്റഫ് ടി.എ.ബി, മധു നമ്പ്യാര്‍, സത്യന്‍ കുഞ്ഞിമംഗലം, ഇസ്മായില്‍ കാരോളം, വിനോദ് വേങ്ങയില്‍ തുടങ്ങിയ പി.എസ്.വി പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ കരംജിതിന്റെ ബന്ധുക്കള്‍ എത്തിയിരുന്നതായും ഇന്ന് കാലത്ത് ഇന്‍ഡിഗോ വിമാനത്തില്‍ പഞ്ചാബിലേക്കു തിരിക്കുമെന്നും നൂറുദ്ദീന്‍ കൊട്ടിയും ടെലഫോണില്‍ അറിയിച്ചതായി പി.എസ്.വി ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കാരോളം പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍