മദ്യപിച്ച് ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ ഇനി കാര്‍ പറയും 'നോ'
Friday, June 12, 2015 5:41 AM IST
ന്യൂയോര്‍ക്ക്: മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവിംഗ് സീറ്റിലിരിക്കാമെന്ന മോഹം ഇനി നടക്കില്ല. വെള്ളമടിച്ച് വണ്ടിയോടിച്ചുവരുന്ന വഴിയില്‍ കൈ കാണിക്കുന്ന പോലീസുകാരനെ ഒരുപക്ഷേ നിങ്ങള്‍ക്ക് കബളിപ്പിക്കാനാകുമായിരിക്കും. തുള്ളി പോലും കഴിച്ചിട്ടില്ലന്നു വീട്ടുകാരോടും നുണപറഞ്ഞ് രക്ഷപ്പെടാനായേക്കും. പക്ഷേ നിങ്ങളുടെ കാറിന്റടുത്തുമാത്രം ഇനിയീ വേലയൊന്നും നടപ്പാകില്ല. വെള്ളമടിച്ച് അടുത്തുചെന്നാപ്പിന്നെ അതു തെല്ലും അനങ്ങില്ല.

റോഡ് സുരക്ഷാ വക്താക്കളായ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റിയും കാര്‍ നിര്‍മാതാക്കളും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഡാഷ്ബോര്‍ഡിലുറപ്പിക്കുന്ന ബ്ളഡ് ആല്‍ക്കഹോള്‍ സെന്‍സര്‍ സംവിധാനം റോഡ് അപകടനിരക്ക് വന്‍തോതില്‍ കുറയ്ക്കുമെന്നു കരുതുന്നു.

'ദ ഡ്രൈവര്‍ ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ സിസ്റം ഫോര്‍ സേഫ്റ്റി' അഥവാ ഉഅഉടട എന്ന ഈ സംവിധാനത്തിലൂടെ ഡ്രൈവറുടെ രക്തത്തിലെ ആല്‍ക്കഹോള്‍ ലവല്‍ 0.08 ശതമാനത്തിലേറെയാണെങ്കില്‍ വാഹനം അനങ്ങില്ല. ഡ്രൈവ് ചെയ്യുന്നയാളുടെ നിശ്വാസവായു സ്റിയറിംഗ് വീലിലെ സെന്‍സറിലൂടെ കടത്തിവിടുന്നു. ഇന്‍ഫ്രാറെഡ് ലൈറ്റ് രശ്മികള്‍ ഉപയോഗിച്ച് ആല്‍ക്കഹോളിന്റെയും കാര്‍ബണ്‍ഡൈഓക്സൈഡിന്റെയും അളവ് പരിശോധിക്കുന്നു. ആല്‍ക്കഹോള്‍ അളവ് നിശ്ചിതതോതിലുമേറെയെങ്കില്‍ വാഹനം പിന്നെ അനങ്ങില്ല. ടച്ച് ബേസ്ഡ് സംവിധാനത്തിലും വിരല്‍ത്തുമ്പിലൂടെ ഇന്‍ഫ്രാറെഡ് രശ്മി കടക്കുമ്പോള്‍ ആല്‍ക്കഹോള്‍ അളവ് അളക്കാനാവും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍