ജഡ്ജി രാജരാജേശ്വരിക്കു കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്‍ഡ് സ്വീകരണം നല്‍കി
Friday, June 12, 2015 5:37 AM IST
സ്റാറ്റന്‍ ഐലന്റ്: സൌത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആദ്യത്തെ വനിതാ ജഡ്ജിയായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ളാസിയോ നിയമിച്ച രാജരാജേശ്വരിക്കു കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്‍ഡ് സ്വീകരണം നല്‍കി.

ഇന്ത്യ ഓവന്‍ റസ്ററന്റില്‍ നടത്തിയ സമ്മേളനത്തില്‍ രാജരാജേശ്വരിയും ഭര്‍ത്താവ് മൈക്കിളും മകള്‍ പദ്മയും പങ്കെടുത്തു. ചടങ്ങില്‍ ട്രൈസ്റേറ്റ് ഏരിയായിലെ മലയാളി കമ്യൂണിറ്റി ലീഡര്‍മാര്‍ പങ്കെടുത്തതു ചടങ്ങിനു മോടി കൂട്ടി.

രാജരാജേശ്വരിയുടെ നേട്ടം അനുദിനം കണ്ടുകൊണ്ടിരുന്ന കേരള സമാജം ഓഫ് സ്റാറ്റന്‍ ഐലന്റിന്റെ ഓരോ പ്രവര്‍ത്തകരുടെയും അഭിമാന നിമിഷങ്ങളായി സ്വീകരണ ചടങ്ങ് മാറി. 25 വര്‍ഷത്തോളം രാജരാജേശ്വരിയെ അടുത്തറിയാവുന്ന കേരള സമാജം പ്രസിഡന്റ് വര്‍ഗീസ് മാത്യു അധ്യക്ഷ പ്രസംഗത്തില്‍ വളര്‍ച്ചയുടെ പടവുകളെക്കുറിച്ചു വിവരിച്ചു.

മറുപടിപ്രസംഗത്തില്‍, വെല്ലുവിളികള്‍ക്കു മുമ്പില്‍ പതറാതെ അതിനോടു പൊരുതിജീവിക്കുക ഒരു ജഡ്ജിയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ധാരാളം നന്മ ചെയ്യാന്‍ അവസരമുണ്ട്. നമുക്കു നീതി കിട്ടുന്നില്ലെന്നു മുറവിളി കൂട്ടുന്നതിനുപകരം നീതി ലഭിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന നിയമപഠനരംഗത്തേക്ക് കടന്നുവരാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ തയാറാകണം. പ്രത്യേകിച്ച്, നമ്മുടെ പെണ്‍കുട്ടികള്‍ ഈ വെല്ലുവിളി ഏറ്റെടുക്കണം. താരതമ്യേന പുരുഷന്മാരുടെ മാത്രം വിഹാരരംഗമായ ഈ മേഖലയില്‍ സ്ത്രീകള്‍ കൂടുതല്‍ കടന്നുവരുന്നതുവഴി നാം ആഗ്രഹിക്കുന്ന സ്ത്രീശാക്തീകരണം ഒരു യാഥാര്‍ഥ്യമാക്കി മാറ്റാന്‍ നമുക്കു കഴിയും - രാജരാജേശ്വേരി പറഞ്ഞു.

ചടങ്ങില്‍ ലീനസ് വര്‍ഗീസ് എംസിയായിരുന്നു. ദിയ തോമസ് അമേരിക്കന്‍ ദേശിയ ഗാനം ആലപിച്ചു. സെക്രട്ടറി സജി ജേക്കബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായിരുന്ന റവ. ഡോ. മാത്യു സി. ചാക്കോ, ജേക്കബ് ചാക്കോ, മുന്‍ പ്രസിഡന്റും ഫോമ ന്യൂയോര്‍ക്ക് റീജണ്‍ ട്രഷററുമായ ബിനോയ് തോമസ്, മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡ് വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍, പോള്‍ കറുകപ്പള്ളി (ഫൊക്കാന), മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജസ്റീസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, മാധവന്‍ നായര്‍ (ഫൊക്കാന/നാമം), എസ്.എസ്. പ്രകാശ് (മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡ്), ഡോ. രാമചന്ദ്രന്‍ നായര്‍, ലീല മാരേട്ട് (ഫൊക്കാന), ആനി ലിബു, തോമസ് മാത്യു, ലീല മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു.

പ്രസിഡന്റ് വര്‍ഗീസ് മാത്യു സംഘടനയുടെ പേരിലുള്ള പ്ളാക്ക് സമ്മാനിച്ചു. റോഷന്‍ മാമ്മന്‍, സജി ജേക്കബ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. കേരള സമാജത്തിന്റെ പിആര്‍ഒ പൊന്നച്ചന്‍ ചാക്കോയും ട്രഷറര്‍ ഒ.വി. മത്തായിയും മറ്റെല്ലാ ഭാരവാഹികളും ഊര്‍ജസ്വലമായി ചടങ്ങുകള്‍ ക്രമീകരിച്ചു. ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടുകൂടി ചടങ്ങ് അവസാനിച്ചു. തുടര്‍ന്നു ഡിന്നറും നടന്നു.

റിപ്പോര്‍ട്ട്: ജോസ് സ്റീഫന്‍