അല്‍ മദീന-കെഎംസിസി മെഗാ ഇവന്റ് ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 12ന്
Thursday, June 11, 2015 5:27 AM IST
റിയാദ്: കലാ കായിക വൈജ്ഞാനിക പരിപാടികളോടെ മൂന്നു മാസക്കാലം നീണ്ടുനിന്ന അല്‍ മദീന- കെഎംസിസി മെഗാ ഇവന്റ് സീസണ്‍ മൂന്നിന്റെ സമാപനം ജൂണ്‍ 12നു (വെള്ളി) അല്‍ ഹൈര്‍ റോഡിലെ അല്‍ ഉവൈദ പാര്‍ക്കില്‍ അരങ്ങേറും.

ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, സയന്‍സ് പവലിയന്‍, എക്സ്പോ സ്റാള്‍ എന്നിവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സാമൂഹ്യക്ഷേമ പഞ്ചായത്തുകാര്യ മന്ത്രി ഡോ. എം.കെ. മുനീര്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി.വി. മുഹമ്മദ് അരീക്കോട്, കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കള്‍ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, മതരംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു കെഎംസിസി നേതാക്കള്‍ അറിയിച്ചു.

റിയാദിലെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗത്തു നല്‍കിയ സമഗ്ര സംഭാവനക്ക് എംബസി സ്കൂള്‍ അധ്യാപികയായ മൈമൂന അബാസിനു മന്ത്രി ഡോ. എം.കെ. മുനീര്‍ 50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കൈമാറും. മൂന്നു മാസക്കാലം നീണ്ട മെഗാ ഇവന്റിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സ്വര്‍ണനാണയമടക്കമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. തുടര്‍ന്നു പ്രശസ്ത ഗായകന്‍ ഫിറോസ് ബാബുവിന്റെയും പ്രമുഖ മിമിക്രി കലാകാരന്‍ സിറാജ് പയ്യോളിയുടെയും നേതൃത്വത്തില്‍ ഇശല്‍സന്ധ്യയും അരങ്ങേറും. മെഗാ ഇവന്റിനോടനുബന്ധിച്ച് പുറത്തിറക്കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് സ്വര്‍ണ നെക്ലേസ്, ലാപ്ടോപ്, എല്‍ഇഡി ടിവി എന്നിവ സമ്മാനമായി നല്‍കും.

പരിപാടിയില്‍ പങ്കെടുക്കുന്നതിനു ബത്ഹയില്‍നിന്നു സൌജന്യ വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദിലെ ബിസിനസ് രംഗത്തെ പ്രമുഖരായ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്, സഫമക്ക പോളിക്ളിനിക്, എബിസി കാര്‍ഗോ, സിറ്റി ഫ്ളവര്‍, സോന ജ്വല്ലേഴ്സ്, റോയല്‍ ട്രാവല്‍സ്, ഷിഫ അല്‍ ജസീറ പോളിക്ളിനിക്, സഫിയ ട്രാവല്‍സ്, ഡോ. സമീര്‍ പോളിക്ളിനിക്, സഫ മക്ക ഹാര, റഹ്മ കൊമേഴ്സ്യല്‍ സര്‍വീസ് എന്നിവരാണു പരിപാടിയുടെ മുഖ്യപ്രായോചകര്‍.

റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ അബൂബക്കര്‍, എം. മൊയ്തീന്‍കോയ, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുജീബ് ഉപ്പട, ജലീല്‍ തിരൂര്‍, റഷീദ് മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക് 0500238146, 0502971416.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍