ഇസ്ലാമിക് സെന്റര്‍ സ്കോളസ്റിക് അവാര്‍ഡ് വിതരണം
Wednesday, June 10, 2015 6:32 AM IST
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ നല്‍കി വരുന്ന സ്കോളസ്റിക് അവാര്‍ഡുകള്‍ ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം 7.30നു സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സമര്‍പ്പിക്കും.

ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിഭാഗം സംഘടിപ്പിക്കുന്ന വ്യത്യസ്തമായ അവാര്‍ഡ് മീറ്റില്‍ അബുദാബിയിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളിലെയും സിബിഎസ്സി, കേരള സിലബസ് പ്രകാരം ഈ വര്‍ഷത്തെ പത്താം തരം പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എപ്ളസ് നേടിയ കുട്ടികളെയും പ്ളസ്ടു പരീക്ഷയില്‍ സ്കൂളില്‍നിന്ന് ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടിയ കുട്ടികളെയുമാണു മെമെന്റൊ നല്‍കി ആദരിക്കുക.

അബുദാബിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ഇന്ത്യന്‍ സ്കൂളുകളിലെ ഏറ്റവും മിടുക്കന്മാരായ ഇരുനൂറില്‍പരം കുട്ടികളെ ഒരേ വേദിയില്‍ ആദരിക്കുന്ന സ്കോളസ്റിക് അവാര്‍ഡ് 'ടോപ്പേഴ്സ് ഡേ' എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടന്നു വരുന്നു. വിവിധ സ്കൂളുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും സ്കൂള്‍ മേലധികാരികളും സാമൂഹ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ചടങ്ങില്‍ സെന്റര്‍ ബാലവേദി ഒരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഈ വര്‍ഷം മുതല്‍ സെന്റര്‍ അംഗങ്ങളുടെ മക്കളില്‍നിന്ന് 10, 12 ക്ളാസുകളില്‍ പാസായ അബുദാബിയിലുള്ള കുട്ടികളെയും പ്രത്യേകം ആദരിക്കും. കൂടാതെ, സ്കൂളുകള്‍ നിര്‍ത്തലാക്കലിന്റെ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച അല്‍നൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് സ്കൂളിലെ അവസാന ബാച്ച് വിദ്യാര്‍ഥികളെയും സെന്റര്‍ മൊമെന്റൊ നല്‍കി ആദരിക്കും.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സെന്റര്‍ ഭാരവാഹികളായ പി. ബാവഹാജി, അഡ്വ. മുഹമ്മദ്കുഞ്ഞി, ഷുക്കൂറലി കല്ലുങ്ങല്‍, ടി.കെ. അബ്ദുസലാം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള