'മലപ്പുറത്തിന്റെ മുഖം മാറ്റിയതു പ്രവാസികള്‍'
Tuesday, June 9, 2015 8:12 AM IST
ദോഹ: സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റി സാംസ്കാരിക വിദ്യാഭ്യസമേഖലകളില്‍ മികച്ച ജില്ലയാക്കി മാറ്റിയതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും കേരളത്തിലെ മറ്റേത് ജില്ലയോടും കിടപിടിക്കാവുന്ന ജില്ലയായി മലപ്പുറം മാറിക്കഴിഞ്ഞതായും പ്രമുഖ കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയില്‍നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ മംവാഖ് (മലപ്പുറം ജില്ല മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തരര്‍) മലപ്പുറം ജില്ലാ പിറവിയുടെ നാല്‍പ്പത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തിലാണ് ജില്ല കൈവരിച്ച ബഹുമുഖ വളര്‍ച്ചയെക്കുറിച്ചു സംസാരിച്ചത്.

വിദ്യാഭ്യാസരംഗത്ത് വിശിഷ്യാ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് ജില്ല കൈവരിച്ച നേട്ടവും സാംസ്കാരിക സമന്വയത്തിന്റെ മാതൃകയും അനുകരണീയമാണ്. സാമൂഹ്യ സൌഹാര്‍ദവും ആദാനപ്രദാനങ്ങളുമാണ് ജില്ലയിലെ ജനങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നത് തന്റെ അനുഭവ സാക്ഷ്യമാണെന്നു സുരേന്ദ്രന്‍ പറഞ്ഞു.

ജൂണ്‍ 12നു (വെള്ളി) വൈകുന്നേരം ആറു മുതല്‍ അബുഹമൂര്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ കെജി ഓഡിറ്റോറിയത്തിലാണു പരിപാടി. പ്രവേശനം സൌജന്യമായിരിക്കുമെന്നു മംവാഖ് പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര പറഞ്ഞു.

വിവിധ മതക്കാര്‍ ഒരുമയോടെ ജീവിക്കുന്ന മലപ്പുറത്തെ സാമൂഹ്യ സൌഹാര്‍ദ്ദത്തെ ഉയര്‍ത്തിക്കാട്ടുന്ന സാംസ്കാരിക സമ്മേളനത്തിനു സൌഹാര്‍ദ്ദത്തിന്റെ മലപ്പുറം എന്നാണു പേരിട്ടിരിക്കുന്നത്. ഈ വിഷയത്തെ അടിസ്ഥാനമാക്കി പി. സുരേന്ദ്രന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യാ ചരിത്രത്തിലെ ചരിത്രപ്രധാനമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ബ്രിട്ടീഷ് വിരുദ്ധ സമരത്തിലും ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിലും നിര്‍ണായക പങ്കുവഹിച്ച മഹാന്മാരെ സംഭാവ ചെയ്ത നാടാണ്. മലബാര്‍ ലഹളയെന്നു പില്‍ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ 1915 മുതല്‍ 1921 വരെ നീണ്ടു നിന്ന കര്‍ഷകരുടെ സ്വാതന്ത്യ്ര സമരം അരങ്ങേറിയ മലപ്പുറം ചരിത്രത്തിനകത്തും പുറത്തും എല്ലാ കാലത്തും സാഹോദര്യത്തിന്റെയും സൌഹാര്‍ദത്തിന്റെയും രേഖാചിത്രമായാണ് തെളിയുന്നത്. ഇന്നും മലപ്പുറം ആ പൈതൃകം കാത്തുസൂക്ഷിക്കുന്നു.

പ്രവാസികളിലൂടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞ ജില്ല വിദ്യാഭ്യാസ രംഗത്തും സാമൂഹികരംഗത്തും അസൂയാവഹമായ നേട്ടമാണു കൈവരിച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്ത് തുടര്‍ച്ചയായി അംഗീകാരങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ജില്ലയാണിന്ന് മലപ്പുറം. ജില്ലയുടെ നാല്പത്തിയാറു വര്‍ഷത്തെ വളര്‍ച്ചയെ വരച്ചുകാട്ടുന്ന സാംസ്കാരിക സമ്മേളനമാണു വെള്ളിയാഴ്ച നടക്കുന്നതെന്നു മംവാഖ് പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര പറഞ്ഞു. ദോഹയിലെ വിവിധ മത-സാംസ്കാരിക സംഘടനാ പ്രതിനിധികളും നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. മലപ്പുറം ജില്ലയിലെ പരമ്പരാഗത കലാരൂപങ്ങളായ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, നാടന്‍പാട്ട് തുടങ്ങിയവ അവതരിപ്പിക്കും.

മംവാഖ് പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകരയ്ക്ക് പുറമേ മംവാഖ് വൈസ് പ്രസിഡന്റ് യു. ഹുസൈന്‍ മുഹമ്മദ്, ഹുസൈന്‍ കടന്നമണ്ണ, കോയ കൊണ്േടാട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അമാനുള്ള വടക്കാങ്ങര