കൊയിലാണ്ടി കൂട്ടം വിവിധ ചാപ്റ്ററുടെ സംഗമവും വാര്‍ഷികവും ആഘോഷിച്ചു
Tuesday, June 9, 2015 6:07 AM IST
മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'കൊയിലാണ്ടി കൂട്ടം' വിവിധ ചാപ്റ്ററുകളുടെ സംഗമവും നാലാം വാര്‍ഷികവും ആഘോഷിച്ചു.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി കൂട്ടം ബഹറിന്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഇന്ത്യന്‍ വ്യക്ത്വിത്വ അവാര്‍ഡ് ഡോ. പി.വി. ചെറിയാനു സമ്മാനിച്ചു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കു കൊയിലാണ്ടി കൂട്ടത്തിന്റെ ഉപഹാരം ഗ്ളോബല്‍ ചെയര്‍മാന്‍ എസ്.പി.എച്ച് ശിഹാബുദ്ദീന്‍ കൈമാറി. ബഹറിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.ടി. സലിം, മുരളീധരന്‍ പള്ളിയത്ത്, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനെ പ്രതിനിധീകരിച്ച് മനോജ് മയ്യന്നൂര്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.

ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സോമന്‍ ബേബിക്കുള്ള ഉപഹാരവും ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗിരീഷ് കാളിയത്ത് ലത്തീഫ് പയ്യോളിക്കുള്ള ഉപഹാരവും ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് ടിപ് ടോപ് ഉസ്മാനുള്ള ഉപഹാരവും കൈമാറി.

തുടര്‍ന്നു കാലപരിപാടികളും തായമ്പകയും മെലഡി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. പിന്നണി ഗായകന്‍ കബീര്‍ ഗാനമാലപിച്ചു.

കൊയിലാണ്ടി കൂട്ടം മറ്റു ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് അസീസ് മാസ്ററുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രതിനിധികളും ജലീല്‍ മഷൂരിന്റെ നേതൃത്വത്തില്‍ യുഎഇ ടീമും സെന്‍ കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ സൌദി ടീമും ഷാഹുല്‍ ബേപ്പൂര്‍ നേതൃത്വം നല്‍കിയ കുവൈറ്റ് ടീമും സുജിത് ശ്രീധര്‍ നേതൃത്വം നല്‍കിയ ഖത്തര്‍ ടീമും പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മജസ്റിക് ഹോട്ടലില്‍ പ്രതിനിധി സമ്മേളനവും നടന്നു.

റിപ്പോര്‍ട്ട്: കെ. ജഗത്