കരിപ്പൂര്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും: വ്യോമയാന മന്ത്രി
Tuesday, June 9, 2015 5:05 AM IST
റിയാദ്: കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ അടച്ചിട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നതിനെതിരെ സൌദി കെഎംസിസി നേതക്കാള്‍ മുസ്ലിം ലീഗ് നേതാവും പാര്‍ലമെന്റംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിനോടൊപ്പം കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക ഗജപതി രാജുവിനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു. സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടിയും ജന. സെക്രട്ടറി അഷ്റഫ് വേങ്ങാട്ടുമാണു കെഎംസിസിയെ പ്രതിനിധീകരിച്ചു ഡല്‍ഹിയിലെത്തിയത്.

യാത്രാക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി മന്ത്രി ഇടപെടണമെന്നും സ്കൂള്‍ അവധിയും ഉമ്ര, ഹജജ് സീസണും സമാഗതമായ സമയത്ത് മലബാറിലേക്കു സൌദി അറേബ്യയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നുമാണു കെഎംസിസി ആവശ്യപ്പെട്ടത്. ഈ വിഷയങ്ങള്‍ പഠിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു മന്ത്രി ബന്ധപ്പെട്ടവരോട് ഉടനെ ആവശ്യപ്പെട്ടതായും യാത്രാ വിഷമങ്ങള്‍ പരിഹരിക്കാന്‍ ഉടനെ വേണ്ടത് ചെയ്യുമെന്നു മന്ത്രി ഉറപ്പ് നല്‍കിയതായും കെഎംസിസി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏതെങ്കിലും വിമാനത്താവളങ്ങള്‍ക്കെതിരേ ഏതെങ്കിലും ലോബിയുടെ കളികളുള്ളതായി വിശ്വസിക്കുന്നില്ലെന്നും അങ്ങനെയുണ്െടന്നു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മന്ത്രി ഗജപതി രാജു പറഞ്ഞു. യാത്രക്കാര്‍ക്കൊപ്പം ഗള്‍ഫിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും നിത്യോപയോഗ സാധനങ്ങളടക്കമുള്ളവയുടെ കയറ്റിറക്കുമതിയും മലബാര്‍ ഭാഗത്തുനിന്നു പാടേ മുടങ്ങിക്കിടക്കുകയാണ്. ഇതു മൂലം മലബാറിലെ വ്യവസായികളും കടുത്ത പ്രതിസന്ധി നേരിടുന്നതായി കെഎംസിസി നേതാക്കള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി.

രാജ്യാന്തര വിമാനത്താവളങ്ങളില്‍ എയര്‍ ട്രാഫിക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന വിമാനത്താവളമാണു കരിപ്പൂരിലേത്. മലബാറിന്റെ ഗേറ്റ്വേ എന്നറിയപ്പെടുന്ന മലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍നിന്നുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ്. കഴിഞ്ഞ വര്‍ഷം ഇതു വഴി യാത്ര ചെയ്തവരുടെ എണ്ണം 22 ലക്ഷത്തിലധികമാണ്. കഴിഞ്ഞ മേയ് 1 മുതല്‍ വലിയ വിമാനങ്ങളുടെ വരവ് നിര്‍ത്തിവച്ചിരിക്കുന്ന വിമാനത്താവളത്തിലേക്കു സൌദിയ, എമിറേറ്റ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കയാണ്.

പ്രശ്നങ്ങള്‍ പഠിച്ച ശേഷം യാത്രക്കാരുടെ മുഴുവന്‍ ബുദ്ധിമുട്ടുകളും അടിയന്തിരമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നു മന്ത്രി ഉറപ്പു നല്‍കി. കെഎംസിസി സംഘം ഇന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും കേരളത്തില്‍നിന്നുള്ള എംപിമാരെയും കാണും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍