റിയാദ് കെഎംസിസിയുടെ ശിഹാബ് തങ്ങള്‍ സേവന പുരസ്കാരം മൈമൂന ടീച്ചര്‍ക്ക്
Tuesday, June 9, 2015 5:04 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ശിഹാബ് തങ്ങള്‍ സേവന പുരസ്കാരത്തിന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ബോയ്സ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മൈമൂന അബ്ബാസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 21 വര്‍ഷമായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി അധ്യാപികയായ മൈമൂന റിയാദില്‍ വിദ്യാഭ്യാസരംഗത്തും സാമൂഹ്യ-സാംസ്കാരിക രംഗത്തും നല്‍കിയ സംഭാവനയാണു മൈമൂനയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. എംബസി സ്കൂളിന്റെ വിദ്യഭ്യാസ പുരോഗതിക്കും വിദ്യാര്‍ത്ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും മൈമൂനയുടെ സേവനം പ്രശംസനീയമാണ്. കൂടാതെ ഫാമിലി കൌണ്‍സലിംഗ്, ഫാമിലി ക്ളാസുകള്‍ എന്നിവ കൈകാര്യം ചെയ്യാറുണ്ട്. റിയാദിലെ വിസ്ഡം ടോസ്റ്റ് മാസ്റേഴ്സ് ക്ളബ്, ഫോസ എന്നിവയിലെ സജീവ സാന്നിധ്യമാണ് മൈമൂന ടീച്ചര്‍. കോഴിക്കോട് ഫാറൂഖ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, ബ.എഡും നേടിയ ടീച്ചര്‍ കംപ്യൂട്ടര്‍ ഡിപ്ളോമയും കരസ്ഥമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് അബ്ബാസ് റിയാദില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഫര്‍ഹാന്‍ അബ്ബാസ് (എംബിബിഎസ്), അഫ്നാന്‍ അബ്ബാസ് എന്നിവര്‍ മക്കളാണ്.

കെഎംസിസി മെഗാ ഈവന്റ് സീസണ്‍ മൂന്നിന്റെ സമാപനം വരുന്ന വെള്ളിയാഴ്ച അല്‍ ഹൈറിലെ അല്‍ ഉവൈദ പാര്‍ക്കില്‍ നടക്കും. ചടങ്ങില്‍വച്ച് കേരള സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പുരസ്കാരം കൈമാറുമെന്നു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയയും ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍