പൊള്ളുന്ന ചൂടില്‍ കുവൈറ്റ്
Monday, June 8, 2015 5:35 AM IST
കുവൈറ്റ്: പൊള്ളുന്ന ചൂടില്‍ കുവൈറ്റ് വിങ്ങുന്നു. പൊടുന്നനെയുള്ള അസഹ്യമായ ചൂടിന്റെ കാഠിന്യത്താല്‍ ഉരുകുകയാണു വിദേശികളും സ്വദേശികളും. 45 മുതല്‍ 50 വരെയാണു വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം രേഖപ്പെടുത്തിയിരിക്കുന്ന താപനില. അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. പകലിന് ഏറെ നീളമുള്ള കാലമാണിത് എന്നതുകൊണ്ടുതന്നെ റമദാനിലും ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടും. വേനല്‍ കാലത്ത് പുറംജോലിക്കു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതാണു കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകുന്നേരം നാലു മണി വരെ പുറത്തു ജോലി ചെയ്യിക്കുന്നതിനാണു വിലക്ക്. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നു തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ക്കു തുടക്കമിട്ടതായും ആദ്യ മൂന്ന് ദിവസങ്ങള്‍ക്കിടെ നിരവധി നിയമ ലംഘനങ്ങള്‍ പിടികൂടിയതായും മന്ത്രാലയത്തതിലെ തൊഴില്‍ സുരക്ഷാ പരിശോധക സംഘം മേധാവി എഞ്ചിനീയര്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍മുനാഇസ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂലൈ ആവുമ്പോഴേക്കും ചൂട് ഏറെകനത്തതാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ഒന്നിനൊന്നു കൂടിവന്നിരുന്ന ചൂട് ഇത്തവണയും വര്‍ധിക്കാനാണു സാധ്യതയെന്ന് അടുത്തിടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ മുഹമ്മദ് കര്‍റം അഭിപ്രായപ്പെട്ടിരുന്നു. ഡി ഹൈഡ്രേഷന്‍ മൂലമുള്ള പ്രശ്നങ്ങളേ കുറിച്ച് ആരോഗ്യ മന്ത്രാലയങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന മേഘാവൃതമായ കാലാവസ്ഥയും പൊടിക്കാറ്റ് വീശാനുള്ള സാധ്യതയും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവുമെല്ലാം ചൂടു കൂടാന്‍ കാരണമാകുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍