ഡാളസ് സെന്റ്മേരീസ് യാക്കോബായ പളളി ജൂബിലി നിറവില്‍
Saturday, June 6, 2015 8:39 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക് ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷം ഓഗസ്റ് ഏഴ്, എട്ട് (വെളളി, ശനി) ദിവസങ്ങളില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചു നടക്കും.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്കാ, ആബൂന്മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും നേതൃത്വം കൊടുക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്, ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസ്, സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ വൈദികര്‍ എന്നിവര്‍ പങ്കെടുക്കും.

ഓഗസ്റ് രണ്ടിനു (ഞായര്‍) വിശുദ്ധ കുര്‍ബാനാനന്തരം, വികാരി റവ. ഫാ. പോള്‍ തോട്ടക്കാട്ട് കൊടി ഉയര്‍ത്തുന്നതോടെ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമാകും.

ആകമാന സുറിയാനി സഭയുടെ പരമോന്നത അധ്യക്ഷനായി തെരഞ്ഞെടുത്തശേഷം ആദ്യമായി ഡാളസില്‍ എത്തിച്ചേരുന്ന പാത്രിയര്‍ക്കീസ് ബാവായോടുളള ബഹുമാനാര്‍ഥം 'ഡാളസ് പാംസ്' മാര്‍ഷല്‍ ലെയിന്‍, കരോള്‍ട്ടനില്‍ നടക്കുന്ന ബാങ്ക്വറ്റ് ഡിന്നറിന് ഇടവകയിലേയും സമീപ ഇടവകയിലേയും നൂറു കണക്കിനു വിശ്വാസികള്‍ പങ്കു ചേരും.

എട്ടിനു (ശനി) പരിശുദ്ധ പിതാവിന്റെ പ്രധാന കാര്‍മികത്വത്തിലും ശ്രേഷ്ഠ കാതോലിക്കാ ബാവാ, മെത്രാപ്പോലീത്താമാര്‍, വൈദീകര്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വിശുദ്ധ ബലി അര്‍പ്പിക്കും. ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നിര്‍വഹിക്കും.

സെന്റ് മേരീസ് പളളിയുടെ ചരിത്രത്തിന്റെ ഏഡുകളില്‍ എന്നെന്നും സ്മരിക്കപ്പെടുന്ന ഈ ധന്യ മുഹൂര്‍ത്തങ്ങള്‍, ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനുളള തയാറെടുപ്പോടെ പരിപാടികളുടെ വിജയത്തിനായി വികാരി റവ. ഫാ. പോള്‍ തോട്ടക്കാട്ട് (ജനറല്‍ കണ്‍വീനര്‍, ജൂബിലി കമ്മിറ്റി), അലക്സ് മാത്യൂസ് (കോഓര്‍ഡിനേറ്റര്‍), ജേക്കബ് സ്കറിയ (സെക്രട്ടറി), യല്‍ദൊ ജേക്കബ് (ട്രസ്റി) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മിറ്റിയും സില്‍വര്‍ ജൂബിലി കമ്മിറ്റിയും വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍