ഇന്ത്യ ഗവണ്‍മെന്റ് സൌദിയിലേക്കു തൊഴിലാളികളെ അയയ്ക്കുന്നത് നിര്‍ത്തിവച്ചെന്ന പ്രചാരണത്തില്‍ തൊഴില്‍ മന്ത്രാലയം ഇടപെട്ടു
Friday, June 5, 2015 7:56 AM IST
ദമാം: ഇന്ത്യ ഗവണ്‍മെന്റ് സൌദിയിലേക്കു തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചതായുള്ള പ്രചാരണ വിവിധ വാര്‍ത്താമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സൌദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു.

വിഷയത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനു കത്തെഴുതിയതായി സൌദി തൊഴില്‍മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍ മുഫ്രിജ് വ്യക്തമാക്കി. ഇന്ത്യയില്‍നിന്നു പുതിയ വീസകളില്‍ തൊഴിലാളികളെ

അയയ്ക്കുന്നതു നിര്‍ത്തിവച്ചതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി അറിയുന്നതിനു ധാരാളം പേര്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടെന്നു തൊഴില്‍ മന്ത്രാലയ വക്താവ് തയ്സീര്‍ അല്‍ മുഫ്രിജ് പറഞ്ഞു.

സൌദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളില്‍ 25 ശതമാനം വീട്ടു വേലക്കാരികളാവണമെന്ന് അടുത്തിടെ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. മുംബൈയിലെ ചില റിക്രൂട്ട്മെന്റ് ഓഫീസുകള്‍ വീസ സ്റാമ്പു ചെയ്യുന്നതിനായി കോണ്‍സിലേറ്റില്‍ സമര്‍പ്പിച്ച പാസ്പോര്‍ട്ടുകള്‍ കോണ്‍സുലേറ്റ് നിരസിച്ചിരുന്നു. സമര്‍പ്പിച്ച പാസ്പോര്‍ട്ടുകളില്‍ നാലില്‍ ഒരു ഭാഗം വീട്ടു വേലക്കാരികളുടെ വീസകള്‍ക്കുവേണ്ടിയാവണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു നിരസിക്കാന്‍ കാരണം. സൌദി തൊഴില്‍മന്ത്രാലയത്തിന്റെ വ്യവസ്ഥ ഇന്ത്യ ഗവണ്‍മെന്റ് നിരാകരിച്ചെന്നും അതോടൊപ്പം പുതിയ തൊഴിലാളികളെ സൌദിയിലേക്കു അയയ്ക്കുന്നത് ഇന്ത്യ നിര്‍ത്തിവച്ചുവെന്നുമാണു പ്രചാരണം.

വിഷയത്തെകുറിച്ചു തങ്ങളെ കൃത്യമായി ആരും അറിയിച്ചിട്ടില്ലെന്നു കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ റിക്രൂട്ട്മെന്റ് ഉടമ ഇബ്രാഹിം അല്‍ സനാഅ് അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം