ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ കൈരളി ലയണ്‍സ് ജേതാക്കള്‍
Friday, June 5, 2015 6:15 AM IST
ന്യൂജേഴ്സി: കേരളത്തിലെ വോളിബോള്‍ പ്രേമികളുടെ അഭിമാനതാരം ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ ഷിക്കാഗോ കൈരളി ലയണ്‍സ് ജേതാക്കളായി.

ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു സെറ്റിനു ന്യൂയോര്‍ക്ക് ബഫലോ സോള്‍ഡിയേഴ്സിനെ പരാജയപ്പെടുത്തിയാണു കിരീടം നിലനിര്‍ത്തിയത്. സ്കോര്‍: 25:19, 25:19, 25:22

തകര്‍പ്പന്‍ സ്മാഷുകളും മികച്ച സര്‍വീസുമായി കളിക്കളം നിറഞ്ഞു കളിച്ച ലയണ്‍സിനു മുന്നില്‍ സോള്‍ഡിയേസ്ഴിനു നിന്നുതിരിയാന്‍ ഇടം കിട്ടിയില്ല. ചെറുപ്പക്കാരെങ്കിലും കോച്ച് സിബി കദളിമറ്റത്തിനു കീഴില്‍ മികച്ച പരിശീലനം നേടി പരിചയസമ്പന്നരായ കളിക്കാരായി എത്തിയ ലയണ്‍സിനെ നേരിട്ട സോള്‍ഡിയേഴ്സിലെ പല ടീമംഗങ്ങളും താരതമ്യേന കൌമാരം കഴിഞ്ഞിട്ടില്ലാത്തവരായിരുന്നു. അവര്‍ ഭാവിവാഗ്ദാനങ്ങളാണെന്നു തെളിയിയിക്കുന്ന ഉശിരന്‍ പ്രകടനംതന്നെ നടത്തിയെങ്കിലും തികച്ചും പ്രഫഷണല്‍ കളിക്കാരായി എത്തിയ ലയണ്‍സിനു മുന്നില്‍ അടിയറവു പറയുകയെ നിവര്‍ത്തി ഉണ്ടായിരുന്നുള്ളൂ.

ടാമ്പയെ ലയണ്‍സ് സെമിയില്‍ പരാജയപ്പെടുത്തിയപ്പോള്‍ സോള്‍ഡിയേഴ്സ് ഡിട്രോയിറ്റിനെ പരാജയപ്പെടുത്തിയാണു ഫൈനലിന് അര്‍ഹത നേടിയത്.

മോസ്റ് വാല്യൂഡ് പ്ളേയര്‍, ബെസ്റ് സെറ്റര്‍ ട്രോഫികള്‍ ലയണ്‍സിന്റെ സനില്‍ തോമസ് നേടി. ബെസ്റ് ഡിഫന്‍ഡര്‍ ആയി ലയണ്‍സിലെ മെറില്‍ മംഗളശേരില്‍ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബെസ്റ് ഒഫന്‍ഡര്‍ ആയി സോള്‍ഡിയേഴ്സിലെ ജോര്‍ജ് മുണ്ടഞ്ചിറ തെരഞ്ഞെടുക്കപ്പെട്ടു.

ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററിലാണു മത്സരം അരങ്ങേറിയത്.

23നു രാവിലെ 9.30നു നടന്ന ഘോഷയാത്രയില്‍ പ്രമുഖ നേതാക്കളടക്കം എല്ലാ ടീമുകളും പങ്കെടുത്തു. അന്തരിച്ച പ്രമുഖ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം ടി.ഡി. ജോസഫിന്റെ (പപ്പന്‍ ചേട്ടന്‍) പത്നി പുഷ്പം ജോസഫ്, ദിലീപ് വര്‍ഗീസ്, സൈമണ്‍ ജോര്‍ജ്, മാത്യു സക്കറിയ, ടോം കാലായില്‍, ടി.എസ്. ചാക്കോ ടൂര്‍ണമെന്റ് ചെയര്‍മാന്‍ ജിബി തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ദീപം തെളിച്ച് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

രണ്ടു ദിവസമായി നടന്ന ടൂര്‍ണമെന്റില്‍ 13 ടീമുകള്‍ മാറ്റുരച്ചു. ടാമ്പാ ടൈഗേഴ്സ്, ഡിട്രിയിറ്റ് ഈഗിള്‍സ്, ടൊറോന്റൊ സ്റാലിയന്‍സ്, ഷിക്കാഗോ കൈരളി ലയണ്‍സ്, ന്യൂയോര്‍ക്ക് സ്പൈക്കേഴ്സ്, ബഫലോ സോള്‍ഡിയേഴ്സ് എന്നിവ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഷിക്കാഗോ ടീം: റിന്റു ഫിലിപ്പ് (ക്യാപ്റ്റന്‍), മെറില്‍ മംഗളശേരില്‍ (വൈസ് ക്യാപ്റ്റന്‍), സനല്‍ തോമസ്, ടോണി തോമസ്, നിതിന്‍ തോമസ്, ഷോണ്‍ കദളിമറ്റം, അലക്സ് കാലായില്‍, ടോം ജോസഫ് എരൂരിക്കല്‍, പോള്‍ എടാട്ട്, ലെറിന്‍ മാത്യു, ടോണി സങ്കെര, മാക്സ് തച്ചേട്ട്, നീല്‍ സൈമണ്‍.

സിബി കദളിമറ്റം (കോച്ച്), സാജന്‍ തോമസ് (കോച്ച്) പ്രിന്‍സ് തോമസ് (അസി. കോച്ച്), ജെയ് കാലായില്‍ (അസി കോച്ച്) ടോം കാലായില്‍ (മാനേജര്‍).

ബഫലോ ടീം: ജോര്‍ജ് മുണ്ടഞ്ചിറ (ക്യാപ്റ്റന്‍), സിനോ ജോസഫ്, ജോണ്‍ മാത്യു, അരുണ്‍ തോമസ്, അലോഷ് അലക്സ്, സജിന്‍ തോമസ്, സുനു കോശി, ജ്യോതിഷ് ജേക്കബ്, ജിജി ജോര്‍ജ്, ജോജോ കുര്യന്‍, ചാള്‍സ് മാത്യു, ജെമി തോമസ്. ടോമി തോമസ് (മാനേജര്‍). സിജോ ജോസഫ്, ജോസഫ് ഫ്രാന്‍സിസ് (കോച്ച്)

ജിബി തോമസ് ചെയര്‍മാനും ടി.എസ്. ചാക്കോ പേട്രണുമായുള്ള ടൂര്‍ണമെന്റ് കമ്മിറ്റി കുറ്റമറ്റ സംവിധാനങ്ങളാണു ഒരുക്കിയിരുന്നത്. ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്സിറ്റിയുടെ റോത്ത്മന്‍ അരീനയില്‍ രണ്ടു ദിവസത്തെ ഉത്സവാവേശം പകര്‍ന്ന മത്സരത്തില്‍ കാണികളായി എത്തിയവരില്‍ നല്ലൊരു പങ്ക് യുവജനതയായിരുന്നു.

ടൂര്‍ണമന്റ് ചെയര്‍മാന്‍ ജിബി തോമസ്, കോഓര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്, ആതിഥേയരായ ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സ് ടീം മാനേജര്‍ മാത്യു സക്കറിയ, പേട്രണ്‍ ടി.എസ്. ചാക്കോ, ദേവസി പാലാട്ടി, സിറിയക് കുര്യന്‍, ഹരികുമാര്‍ രാജന്‍, ബോബി തോമസ്, സെബാസ്റ്യന്‍ ജോസഫ്, ബിജേഷ്കുമാര്‍ ഫ്രാന്‍സിസ് പള്ളുപ്പേട്ട, രാജന്‍ മോഡയില്‍, ജോസഫ് ഇടിക്കുള, വിനു ചാക്കോ, മാര്‍ക്കോസ് ഡോ. ജോജി ചെറിയാന്‍, ബിനു തോമസ്, തോമസ് ജോര്‍ജ് (സഞ്ജു), ചിന്നമ്മ പാലാട്ടി, ദാസ് കണ്ണംകുഴിയില്‍, സജി മാത്യു തുടങ്ങിയ ഒരു പറ്റം കായികപ്രേമികള്‍ മാസങ്ങളായി തുടര്‍ന്ന അധ്വാനത്തിനു നല്ല ഫലംതന്നെ ലഭിച്ചു എന്നത് അഭിമാനകരമായി.

വിവിധ സംഘടനാ നേതാക്കള്‍ പിന്തുണയുമായി എത്തുകയും ചെയ്തു. ഫോമ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോ പണിക്കര്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്സ് ജോണ്‍, ഫോമ നേതാക്കളായ അനിയന്‍ ജോര്‍ജ്, ലാലി കളപ്പുരയ്ക്കല്‍, ജയിംസ് ഇല്ലിക്കല്‍ (ടാമ്പ), മാത്യു ചെരുവില്‍ (ഡിട്രോയ്റ്റ്), സ്റാന്‍ലി കളത്തില്‍, വിനോദ് ഡേവിഡ് കണ്ടുര്‍, തോമസ് കര്‍തനാല്‍, ബെന്നി സെബാസ്റ്യന്‍ സണ്ണി വാലിപ്ളാക്കാന്‍, ഫൊക്കാന നേതാക്കളായ ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, ലീല മാരേട്ട്, ലൈസി അലക്സ്, മാധവന്‍ നായര്‍, ഷാജി വര്‍ഗീസ്, മാധ്യമ രംഗത്തുനിന്നു ജോര്‍ജ് ജോസഫ്, സുനില്‍ ട്രൈസ്റാര്‍, രാജു പള്ളത്ത്, മധു കൊട്ടാരക്കര, സോജി മാത്യു, മനോജ് പണിക്കര്‍, ജോസ് ഏബ്രഹാം, ജോസഫ് ഇടിക്കുള (സംഗമം ന്യൂസ്) തുടങ്ങി വന്‍നിര തന്നെ എത്തി.

കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍ ടോം കാലായില്‍, ജയിംസ് ഏബ്രഹാം (പ്രസാദ്, ടെക്സസ്) എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടത്തിയ റാഫിളില്‍, റിയ ട്രാവല്‍സ് നല്‍കിയ ഇന്ത്യയിലേക്കുള്ള രണ്ടു ടിക്കറ്റുകള്‍, റോത്ത്മാന്‍ അരീനയില്‍ പ്രോഗ്രാമിനു ചുക്കാന്‍ പിടിച്ചവരിലൊരാളായ ബിനു തോമസിനു ലഭിച്ചു. റോത്ത്മാന്‍ അരീന ലഭ്യമാക്കുന്നതിനു പ്രധാന പങ്ക് വഹിച്ച ഡോ. ജോജി ചെറിയാന്‍, സജി മാത്യു എന്നിവരാണു പരിപാടികളുടെ ഡെസ്കിനു നേതൃത്വം നല്‍കിയത്.

ജിമ്മി ജോര്‍ജ് ടൂര്‍ണമന്റ് ഒരു കാലത്തും ഇല്ലാതാവാനുള്ള ഒരു സാധ്യതയും ഇല്ലെന്നു 27 വര്‍ഷം മുന്‍പ് ഇതിനു തുടക്കമിട്ടവരില്‍പെടുന്ന അലിയാര്‍ ഷെറിഫ് (ഫിലഡല്‍ഫിയ) സിബി കദളിമറ്റം (ഷിക്കാഗോ), പയസ് ആലപ്പാട്ട് (ഷിക്കാഗോ) എന്നിവര്‍ ചൂണ്ടിക്കാട്ടി.

യുവ തലമുറ വോളിബോളില്‍ കൂടുതല്‍ തത്പരരായി വരുന്നു എന്നതുതന്നെ കാരണം. ആദ്യമൊക്കെ ഇന്ത്യയില്‍ കളിച്ചവരാണു ഇവിടെയും രംഗത്തു വന്നതെന്നു പയസ് ചൂണ്ടിക്കാട്ടി. അന്ന് ഇന്ത്യന്‍ സ്റൈല്‍ ആയിരുന്ന കളി ഇപ്പോള്‍ അമേരിക്കന്‍ സ്റൈല്‍ ആയി. കളിക്കാരില്‍ മലയാളം നന്നായി പറയുന്നവര്‍ ചുരുക്കം. തലമുറകളുടെ മാറ്റം പ്രകടം.

ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തി പ്രകടിപ്പിച്ച ചെയര്‍ ജിബി തോമസ്, ഇതിനായി പ്രവര്‍ത്തിക്കുകയും കാണികളായി എത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അര ലക്ഷത്തിലേറെ ചെലവുള്ള ടൂര്‍ണമെന്റ് ജനപങ്കാളിത്തമില്ലതെ വിജയിക്കില്ല.

ടൂര്‍ണമെന്റ് നടത്തിപ്പില്‍ സ്പോണ്‍സേഴ്സ് ആയി മുമ്പോട്ടു വന്ന കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക, ഗ്രാന്‍ഡ് കാനിയാന്‍ യൂണിവേഴ്സിറ്റി, സ്റ്റെര്‍ലിംഗ് സീ ഫുഡ്, പബ്ളിക് ട്രസ്റ്, ശ്രീധര്‍ മേനോന്‍, മില്‍സ്റ്റൊന്‍ ടീം, രാഗി തോമസ് (മൂവി പ്രൊഡ്യൂസര്‍) റോക്ക് ലാന്‍ഡ് ബഫ്ഫല്ലോ സോള്‍ജിയേഴ്സ്, സൊല്ലെര്‍സ് ഇന്‍സ്റിറ്റ്യൂട്ട്, റിയ ട്രാവല്‍സ്, ബോഡി വര്‍ക്സ് റിഹാബ്, ജോര്‍ജ് മാത്യു (രുമ), ഗ്രാന്‍ഡ് റസ്ററന്റ്, നമസ്കാര്‍ ഏഷ്യന്‍ മാര്‍ക്കറ്റ്, സ്വാദ് ഇന്ത്യന്‍ റസ്ററന്റ്, സജിമോന്‍ ആന്റണി, മാധവന്‍ നായര്‍ (ങആച എശിമിരശമഹ ല്ൃെശരല) ക്രോസ് റിവര്‍ ബാങ്ക്, എന്‍.കെ. ലൂക്കോസ് ഫൌണ്േടഷന്‍, ജോസഫ് ആന്റണി (ഒമേഗ ഷിപ്പിംഗ്), ജോസഫ് കുരിയപ്പുറം, സാബു ലൂക്കോസ്, ഡെയിലി ഡിലൈറ്റ്, ബ്രിട്ടീഷ് പെട്രോളിയം, ജോസ് കുഞ്ഞ് ചാമക്കാലയില്‍, ജോസഫ് കലൂര്‍ (സെഞ്ച്വറി 21), പ്രണാം മള്‍ട്ടി മീഡിയ, ജെയിന്‍ ജേക്കബ് (ഇജഅ) തുടങ്ങിയവര്‍ക്കു ജിബി തോമസ്, ജേംസണ്‍ കുര്യാക്കോസ് എന്നിവര്‍ ടൂര്‍ണമെന്റ് കമ്മിറ്റിയുടെ പേരില്‍ നന്ദി പറഞ്ഞു.

അടുത്ത വര്‍ഷം ടൊറന്റോയില്‍ അരങ്ങേറുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2016 നായി കായിക പ്രേമികള്‍ക്ക് ഇനി ആവേശത്തോടെ കാത്തിരിക്കാം.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള