പിഎസ്വി റിയാദ് നാലാമത് വാര്‍ഷികാഘോഷം ജൂണ്‍ അഞ്ചിന്
Thursday, June 4, 2015 7:02 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദവേദിയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ജൂണ്‍ അഞ്ചിനു (വെള്ളി) വൈകുന്നേരം 6.30 മുതല്‍ അല്‍ഉവൈദ ഫാം ഹൌസില്‍ നടക്കും.

ഷാറോണ്‍ ഷെരീഫ് സംവിധാനം ചെയ്ത 'ഷഡ്പദങ്ങള്‍' എന്ന നാടകമാണു വാര്‍ഷികാഘോഷത്തിലെ പ്രധാന ആകര്‍ഷണം. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരേയുള്ള ചൂണ്ടുവിരലാണ് ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നാടകത്തിന്റെ പ്രമേയം. റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, വാണിജ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളെ ആദരിക്കല്‍, 10,12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ പിഎസ്വി ബാലവേദി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഗായകന്‍ അനീഷ്കുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കും.

നാലാമത് കെ.എസ്. രാജന്‍ പുരസ്കാരമായ ടീച്ചിംഗ് എക്സലന്‍സ് അവാര്‍ഡ് പത്മിനി യു. നായര്‍ക്ക് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ അഷ്റഫ് വടക്കേവിള പ്രഖ്യാപിച്ചു. സിബിഎസ്ഇ സിലബസ് സമ്പ്രദായം പിന്തുടരുന്ന സ്കൂളുകളിലെ ഏറ്റവും നല്ല ടീച്ചര്‍ക്കു പുരസ്കാരം നല്‍കാന്‍ നേരത്തേ തീരുമാനിച്ചതു പ്രകാരമാണ് അവാര്‍ഡ് പ്രഖ്യാപനമെന്നു ഭാരവാഹികള്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ പത്മിനി ടീച്ചര്‍ കാല്‍നൂറ്റാണ്ട് കാലമായി റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയാണ്. വിദ്യാര്‍ഥികളുടെ സാമൂഹികവളര്‍ച്ചയില്‍ പങ്കുവഹിക്കുകയും പഠനവിഷയങ്ങളെ സാമൂഹിക നന്മ ആധാരമാക്കി കോര്‍ത്തിണക്കുകയും ചെയ്ത അധ്യാപന രീതിയാണ് പത്മിനി ടീച്ചറെ അവാര്‍ഡിനു അര്‍ഹയാക്കിയത്. അഷ്റഫ് വടക്കേവിള, സുരേഷ് ചന്ദ്രന്‍, ഡോ. അബ്ദുള്‍ അസീസ്, സൈനുദ്ദീന്‍ നാച്ചിവീട്ടില്‍, ജോസഫ് അതിരുങ്കല്‍, തെന്നല മൊയ്തീന്‍ കുട്ടി, പിഎസ്വി പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വോട്ടുകളുടെയും നോമിനേഷന്‍ വഴി ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു അവാര്‍ഡ് നിര്‍ണയം.

വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഷാജു വാലപ്പനെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യന്‍ നിര്‍മിത റബര്‍, പ്ളാസ്റിക്, മെറ്റല്‍ സാധനങ്ങള്‍ മിഡില്‍ ഈസ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് ശ്രദ്ധേയനായ ഷാജുവിനെ റിയാദിനു പരിചയപ്പെടുത്താന്‍കൂടിയാണ് ഈ ആദരവെന്നു ഭാരവാഹികള്‍ പറഞ്ഞു. തൃശൂര്‍ സ്വദേശിയായ ഷാജു 2004 മുതലാണു വാലപ്പന്‍ എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്.

അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പാണു പരിപാടിയുടെ മുഖ്യ പ്രായോജകര്‍. കെ.പി അബ്ദുള്‍ മജീദ്, കെ.എം. സനൂപ് കുമാര്‍, എസ്. സോമശേഖരന്‍, അല്‍മദീന എഡിഎം ഷാജി ആലപ്പുഴ, ഉദയ് കുമാര്‍, അഷ്റഫ് വടക്കേവിള, ഡോ. അബ്ദുള്‍ അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍