ലോക പുകവലി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി
Monday, June 1, 2015 6:42 AM IST
ദോഹ: ഖത്തറിലെ സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ലോക പുകവലിവിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘാടക മികവിലും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ ഥാനി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവത്കരണ രംഗത്ത് ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയ്യുന്ന സേവനങ്ങള്‍ ശ്ളാഘനീയമാണെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് തലത്തിലുള്ള പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘങ്ങളും സ്വകാര്യ സംരംഭകരും ഏറ്റെടുക്കുന്നതു സന്ദേശം ജനകീയമാക്കാനും ലക്ഷ്യം നേടാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജെറ്റ് എയര്‍വേസ് ഖത്തര്‍ ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ ചടങ്ങില്‍ ഗസ്റ് ഓഫ് ഹോണറായിരുന്നു.

ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍നിന്നുളള നിരവധി വിദ്യാര്‍ഥികള്‍ അണി നിരന്നപ്പോള്‍ ഇന്റര്‍ സ്കൂള്‍ മല്‍സരങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ളതായി. വിവിധ സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ പുകവലിവിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ബാധ്യതയാണെന്നും ഓരോരുത്തരും മനസുവച്ചാല്‍ വിപ്ളവകരമായ മാറ്റം സാധ്യമാണെന്നും സദസ് തിരിച്ചറിഞ്ഞു. പുകവലിക്കാരായിരുന്ന പല രക്ഷിതാക്കളും പുകവലി വിരുദ്ധ പ്രതിജ്ഞയെടുത്താണു വേദി വിട്ടത്.

ആന്റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍ റഷീദ്, ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍കുഞ്ഞി, നിര്‍വാഹക സമിതി അംഗം സയിദ് ഷൌക്കത്തലി, കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ഷബീറലി കൂട്ടില്‍, സിയാഹു റഹ്മാന്‍, സൈദലവി അണ്േടക്കാട്, ഖാജാ ഹുസൈന്‍, അഷ്കറലി, ഹംസ നെടുംകണ്ടത്തില്‍, അബൂബക്കര്‍ മാടമ്പത്ത്, അഫ്സല്‍ കിളയില്‍, ഷറഫുദ്ദീന്‍ തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

അതിഥികളും സംഘാടകരും വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സൊസൈറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ദോഹ ബാങ്കും ജെറ്റ് എയര്‍വേയ്സുമാണു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്.