വോയ്സ് ഓഫ് കേരള 1152 എഎം റേഡിയോ പ്രവര്‍ത്തനമാരംഭിച്ചു
Monday, June 1, 2015 5:44 AM IST
ദമാം: സൌദിയിലെ മലയാളി സമൂഹത്തിന്റെ കലാ-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും കലാരംഗത്തും സംഗീത രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനുമായി വോയ്സ് ഓഫ് കേരള 1152 എ.എം റേഡിയോ സൌദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

നിലവില്‍ അഞ്ച് ജിസിസി രാജ്യങ്ങളിലും ഇരുപത്തിനാല് മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന വോയ്സ് ഓഫ് കേരള റേഡിയോയില്‍ സൌദി സമയം രാത്രി എട്ടുമണി മുതല്‍ ഒമ്പത് വരെ വോയ്സ് ഓഫ് സൌദിഅറേബ്യ എന്ന പേരില്‍ പ്രത്യേക പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നുണ്ട്. വോയ്സ് ഓഫ് സൌദിഅറേബ്യയുടെ ഔദ്യോഗിക ഉദ്ഘാടനം അല്‍കോബാര്‍ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്നു. ഇബ്രാഹിം സുബ്ഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് കേരള ദമ്മാം ചാപ്റ്റര്‍ രക്ഷാധികാരി കലാം കളമശേരി അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം നജീബ്, സാമൂഹ്യപ്രവര്‍ത്തകരായ മുഹമ്മദ് നജാത്തി, നാസര്‍ അണ്േടാണ, മാധ്യമ പ്രവര്‍ത്തകരായ പി.ടി. അലവി, മുജീബ് കളത്തില്‍, സിന്ധു ബിനു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വോയ്സ് ഓഫ് കേരള ദമ്മാം പ്രതിനിധി സിറാജ് ആലപ്പി അവതാരകനായിരുന്നു.

സൌമ്യ വിനോദ്, സത ശ്രീജിത്, സിയാദ് കായംകുളം, സരിത നിഥിന്‍, ജിന്‍ഷ ഹരിദാസ്, റിദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ഈഗിള്‍ മ്യൂസിക് ബാന്റിന്റെ ബാനറില്‍ നടന്ന നൃത്ത സംഗീത പരിപാടികള്‍ ശ്രദ്ധേയമായി. പ്രമുഖ ഗസല്‍ ഗായകന്‍ റഫീഖ് യൂസുഫും സംഘവും അവതരിപ്പിച്ച ഗസല്‍ സന്ധ്യ സദസ് നന്നായി ആസ്വദിച്ചു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാം സമ്മാനം വിതരണം ചെയ്തു.

സ്ത്രീസമൂഹത്തിന്റെ വിവിധ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനായി വോയ്സ് ഓഫ് കേരള 1152 റേഡിയോയ്ക്കു കീഴില്‍ 'അംഗന' എന്ന സ്ത്രീവേദി രൂപീകരിക്കുമെന്നും ഇതില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 00 966 509 460 972 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും വോയ്സ് ഓഫ് കേരള സൌദി ചാപ്റ്റര്‍ പ്രതിനിധികള്‍ അറിയിച്ചു. റമദാനിനോടനുബന്ധിച്ച് വോയ്സ് ഓഫ് സൌദി അറേബ്യയില്‍ വൈവിധ്യമാര്‍ന്ന ഇസ്ലാമിക സെമിനാറുകളും ചര്‍ച്ചകളും പ്രശ്നോത്തരി മത്സരങ്ങളും മതപ്രഭാഷണങ്ങളും ഉള്‍പ്പെടുത്തുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

വോയ്സ് ഓഫ് കേരള സൌദി പ്രതിനിധികളായ ഉബൈദ് എടവണ്ണ, ഷഫീഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ ദമ്മാമിലെ യോയോ ഗ്രൂപ്പ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍