വീട്ടിലെങ്കിലും മലയാളം സംസാരിക്കുക: സേതു
Monday, May 25, 2015 6:45 AM IST
കുവൈറ്റ് സിറ്റി: കുടുബാന്തരീക്ഷത്തിലും സമൂഹത്തിലും സ്വന്തംഭാഷ എവിടെ നില്‍ക്കുന്നുവെന്ന് മലയാളികള്‍ ചിന്തിക്കേണ്ട സമയമായതായി പ്രശസ്ത നോവലിസ്റും ആധുനിക കഥാസാഹിത്യത്തിലെ മുന്‍നിരക്കാരനുമായ സേതു പറഞ്ഞു.

മാതൃഭാഷയെ അവഗണിക്കുന്നതും വക്രീകരിക്കുന്നതും ഇന്നു ടിവി ചാനലുകളില്‍ ഉള്‍പ്പെടെ ഒരു പ്രവണതയായി മാറിയിട്ടുണ്ട്. പാരമ്പര്യവും പഴക്കവും ഉള്ള ഒരു ഭാഷയ്ക്ക് അപചയം സംഭവിക്കുമ്പോള്‍ ആ ഭാഷയില്‍ അടിസ്ഥാനപ്പെട്ട ഒരു സംസ്കാരമാണ് ഭൂമുഖത്ത് ഇല്ലാതാവുന്നത്. സേതു ഓര്‍മിപ്പിച്ചു.

കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല നടത്തിവരുന്ന സൌജന്യ മാതൃഭാഷാ പരിപാടിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇപ്പോഴുള്ള ആറായിരം ഭാഷകളില്‍ പത്തുശതമാനം മാത്രമേ ലോകത്തു ബാക്കിയാവുകയുള്ളൂ എന്നാണു കണക്ക്. മരിക്കുന്ന ഭാഷകളില്‍പ്പെടാന്‍ നാം ആഗ്രഹിക്കുന്നില്ല, മറ്റു ഭാഷകള്‍ പഠിക്കുമ്പോഴും മലയാളത്തിനോടുള്ള പ്രതിപത്തി സൂക്ഷിക്കാന്‍ പുതിയ തലമുറക്ക് കഴിയണം. മറ്റെന്തു പ്രലോഭനമുണ്െടങ്കിലും വീട്ടിലെങ്കിലും മലയാളം സംസാരിക്കാന്‍ രക്ഷിതാക്കള്‍ തയാറാകണമെന്നു സേതു പറഞ്ഞു.

ഭാഷാഭിമാനികളും അതികായരുമായ അധ്യാപകര്‍ ഇന്നു വളരെ കുറവാണ്. ഇംഗ്ളീഷില്‍ നല്ല പ്രാവീണ്യമുണ്ടായിട്ടും ബംഗാളിയില്‍ മാത്രം സിനിമയെടുത്ത് വിശ്വവിഖ്യാതനായി മാറിയ സത്യജിത്റേ ഭാഷാഭിമാനികള്‍ക്ക് ഒരു നല്ല മാതൃകയാണെന്ന് സേതു അഭിപ്രായപ്പെട്ടു.

കല പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. രജത ജൂബിലി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍