പേരാവൂര്‍ കെഎംസിസി ബൈത്തുറഹ്മ വില്ലേജ് നിര്‍മിക്കും
Wednesday, May 20, 2015 7:13 AM IST
റിയാദ്: കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ പ്രദേശമായ പേരാവൂരില്‍ ബൈത്തുറഹ്മ വില്ലേജ് നിര്‍മിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിനുവേണ്ട പ്രാരംഭ നടപടികള്‍ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റിയുമായി ചേര്‍ന്ന് നടന്നുവരികയാണെന്നും മണ്ഡലം കമ്മിറ്റി സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്തു വീടുകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ പദ്ധതിയാണു ലക്ഷ്യമിടുന്നത്. ഒരു വീടിന് ഏകദേശം എട്ടു ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. വ്യാഴാഴ്ച നടക്കുന്ന ജില്ലാ കെഎംസിസി പരിപാടിയില്‍ പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നടക്കും.

സമൂഹവിവാഹം ഉള്‍പ്പെടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന പേരാവൂര്‍ മണ്ഡലം കെഎംസിസി ഏറ്റെടുക്കുന്ന ഈ ബൃഹദ് പദ്ധതിക്കു എല്ലാ വിഭാഗം പ്രവാസികളുടെയും പിന്തുണ ഉണ്ടാകണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

മൊയ്തീന്‍ ചാത്തോത്ത്, വി.കെ. മുഹമ്മദ്, ഹാഷിം നീര്‍വേലി, ഷാനവാസ് ആറളം, മുനീര്‍ പള്ളക്കല്‍, അഷ്റഫ് തിട്ടയില്‍, അസ്ലം അടയ്ക്കാത്തോട്, റഫീക്ക് തിട്ടയില്‍, കെ.വി. ഫാസില്‍, സിറാജ് പാറയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍