മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരളവിഭാഗം റോഡ് സുരക്ഷാ സെമിനാര്‍ നടത്തി
Tuesday, May 19, 2015 7:59 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കേരളവിഭാഗം ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷനുമായി ചേര്‍ന്നു റോഡ് സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു.

ദാര്‍സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് ഹാളില്‍ മേയ് 17നു (ഞായര്‍) രാവിലെ 10നു കേരള വിഭാഗത്തിന്റെ സാമൂഹ്യക്ഷേമ വിഭാഗമാണു സെമിനാര്‍ സംഘടിപ്പിച്ചത്.

സമീപകാലത്ത് ഒമാനിലെ സ്കൂള്‍ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ദൃശ്യശ്രവ്യ സാങ്കേതികസഹായത്തോടെ, മസ്കറ്റ് മേഖലയിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ടു നടത്തിയ സെമിനാര്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഇനിയൊരു വിദ്യാര്‍ഥിപോലും അപകടത്തില്‍ പെടാതിരിക്കുവാനും സ്കൂളുകളിലേക്കുള്ള യാത്ര തികച്ചും സുരക്ഷിതമാകണമെങ്കില്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ സുരക്ഷയെക്കുറിച്ചു ബോധവാന്മാരായിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. നമ്മുടെ മറ്റെന്താവശ്യങ്ങളും പോലെ, അതിലേറെ പ്രാധാന്യത്തോടെ വാഹന സുരക്ഷയെയും കണ്ടാലേ ഇതു സാധ്യമാവൂ എന്നും വില്‍സണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വാഹനമോടിക്കുന്നവരും യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ സിഇഒ ഷൈമ അല്‍ ലവാത്തി ക്ളാസെടുത്തു. സെമിനാറില്‍ പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ക്ളാസും ഒരുക്കിയിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സാമൂഹ്യക്ഷേമ, കലാ സാംസ്കാരിക പ്രവത്തനങ്ങളിലൂടെ ഒമാനിലെ പ്രവാസികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കേരള വിഭാഗം ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടത്താനിരിക്കുന്ന സുരക്ഷാ സെമിനാറുകള്‍ക്ക് ഇതോടെ തുടക്കമായി. ഒമാന്‍ റോഡ് സേഫ്റ്റി അസോസിയഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെയും രക്ഷിതാക്കളെയും ബോധാവാന്മാരാക്കുകയും അപകടങ്ങളില്ലാത്ത റോഡുകള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്യുക എന്നതിന്റെ ഭാഗമായി ഒമാനിലെ 19 ഇന്ത്യന്‍ സ്കൂളുകളിലും കേരളവിഭാഗം സുരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.

സെമിനാറിനുശേഷം നടന്ന ചടങ്ങില്‍ ഒമാന്‍ റോഡ് സേഫ്റ്റി അസോസിയേഷന്‍ കേരളവിഭാഗത്തിന്റെ ഉപഹാരം ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്ബ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.എം. ജാബിര്‍ സമ്മാനിച്ചു. കേരളവിഭാഗം കണ്‍വീനര്‍ രജിലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യോതി പൌലോസ് സ്വാഗതവും ഗിരിജ പ്രസാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം