പ്രിയ ഉണ്ണികൃഷ്ണന്‍ മികച്ച കഥാകാരി; ഡോ. നന്ദകുമാര്‍ ചാണയില്‍ മികച്ച കവി
Tuesday, May 19, 2015 5:12 AM IST
ന്യൂയോര്‍ക്ക്: ജയ്ഹിന്ദ് വാര്‍ത്ത കഥാ-കവിതാ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്സസില്‍നിന്നുള്ള പ്രിയ ഉണ്ണികൃഷ്ണനെയും, മികച്ച കവിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോ. നന്ദകുമാര്‍ ചാണയിലിനെയും തെരഞ്ഞെടുത്തു. കഥാരചനയില്‍ രണ്ടാം സ്ഥാനം ന്യൂയോര്‍ക്കില്‍ നിന്നുള്ള രാജു ചിറമ്മണ്ണിനും മൂന്നാം സ്ഥാനം ഫിലാഡാല്‍ഫിയയില്‍ നിന്നുള്ള ആന്‍സി തോമസിനും ലഭിച്ചു.

കവിതാ രചനാമത്സരത്തില്‍ രണ്ടാം സ്ഥാനം രണ്ടുപേര്‍ക്കാണ്. ന്യൂയോര്‍ക്കില്‍നിന്നുളള മോന്‍സി കൊടുമണ്ണും ഫിലാഡല്‍ഫിയയില്‍നിന്നുള്ള ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം വെര്‍ജീനിയയില്‍നിന്നുള്ള ഗീതാ രാജനാണ്. ഇരയും പ്രതിയും എന്ന ചെറുകഥയാണ് പ്രിയ ഉണ്ണികൃഷ്ണനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദൈവത്തിന്റെ പൊതിച്ചോറ് എന്ന ചെറുകഥയ്ക്കാണ് രാജു ചിറമ്മണ്ണിലിനു രണ്ടാം സ്ഥാനം ലഭിച്ചത്. നിഴലിന്റെ നൊമ്പരങ്ങള്‍ എന്ന ചെറുകഥയ്ക്കാണ് ആന്‍സി തോമസിനു മൂന്നാം സ്ഥാനം ലഭിച്ചത്.

'ദാഹം' എന്ന കവിതയ്ക്കാണു ഡോ. നന്ദകുമാന്‍ ചാണയിലിനെ മികച്ച കവിയായി തെരഞ്ഞെടുത്തത്. പീഡനഭൂമി എന്ന കവിതയ്ക്കു മോന്‍സി കൊടുമണ്ണും ഇന്റര്‍നെറ്റ് പ്രണയം എന്ന കവിതയ്ക്ക് ആന്‍സി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. ക്യാന്‍വാസ് എന്ന കവിതയ്ക്കാണു ഗീതാ രാജന് മൂന്നാം സ്ഥാനം ലഭിച്ചത്.

അമേരിക്കയിലെ മലയാളപത്രമായ ജയ്ഹിന്ദ്വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണു സാഹിത്യമത്സരം നടത്തിയത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നു രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന് എന്‍ട്രികള്‍ ലഭിച്ചു. നൂറുകണക്കിനു ലഭിച്ച എന്‍ട്രികളില്‍നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൌത്യം നിര്‍വഹിച്ചത് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്. മാത്യൂസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങള്‍.

മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന പ്രത്യേകതകൂടിയുണ്ട് ഈ മത്സരത്തിന്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന മലയാളികളായ പുതുതലമുറയ്ക്കു മാതൃഭാഷയുടെ അക്ഷര വെളിച്ചം പകരുക എന്ന ദൌത്യവുമായി പ്രസിദ്ധീകരണം ആരംഭിച്ച ജയ്ഹിന്ദ്വാര്‍ത്ത ആഗോള മലയാളികള്‍ക്കുവേണ്ടി വെബ്സൈറ്റും ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനവും അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്് നടന്ന മെയ് എട്ടിനു നടന്നു. ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വൈകിട്ട് 6.30 നു നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപനം വെബ്സൈറ്റിന്റെ ഉദ്്ഘാടനവും നടന്നത്. വാര്‍ത്തകള്‍ക്കു പ്രത്യേക പരിഗണ കൊടുക്കുന്ന ജയ്ഹിന്ദ് വാര്‍ത്ത ഡോട്ട് കോമില്‍ അമേരിക്കയ്ക്കും കാനഡയ്ക്കും പ്രത്യേകമായി മിനി സൈറ്റും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം