150 മില്യന്‍ ഡോളര്‍ ചെലവിട്ട് ഗൂഗിള്‍ ഇന്ത്യയില്‍ കോര്‍പറേറ്റ് കാമ്പസ് നിര്‍മിക്കുന്നു
Thursday, May 14, 2015 5:44 AM IST
കാലിഫോര്‍ണിയ: ഏഷ്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റ് കാമ്പസ് ഇന്ത്യയിലെ തെലുങ്കാന സംസ്ഥാനത്തു സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഇന്റര്‍നെറ്റ് ശൃംഖലയായ ഗൂഗിള്‍ പ്രഖ്യാപിച്ചു.

അമേരിക്കയ്ക്കു പുറത്ത് ആദ്യമായി സ്ഥാപിക്കുന്ന കാമ്പസിനു 150 മില്യണ്‍ ഡോളര്‍ (ഏകദേശം ആയിരം കോടി രൂപ) ചെലവു പ്രതീക്ഷിക്കുന്നതായി ഗൂഗിള്‍ അധികൃതര്‍ വെളിപ്പെടുത്തി.

പതിമൂവായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കാവുന്ന സ്ഥാപനം ഹൈദരാബാദിലാണു നിര്‍മിക്കുന്നത്. നിലവില്‍ ഹൈദരാബാദിലെ കൊണ്ടപൂര്‍ മേഖലയില്‍ നിലവിലുള്ള ഗൂഗിള്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ ഏഴായിരം പേര്‍ ജോലി ചെയ്യുന്നുണ്ട്. രണ്ടു മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാമ്പസിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി തെലുങ്കാന ഐടി മന്ത്രി കെ.ടി. രാമരാവു വെളിപ്പെടുത്തി. ഗൂഗിള്‍ വൈസ് പ്രസിഡന്റ് ഡേവിഡ് റാഡ് ക്ളിഫ്, തെലുങ്കാന ഐടി സെക്രട്ടറി ജയേഷ് രാജന്‍ എന്നിവര്‍ ഗൂഗിള്‍ ആസ്ഥാനമായ കാലിഫോര്‍ണിയ മൌണ്ടന്‍ വ്യൂവില്‍ ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവച്ചു.

2019ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണു കരുതുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഐടി മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണിത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍