ഇന്ത്യന്‍ സ്കൂള്‍ ഫീസ് വര്‍ധനക്ക് നീതീകരണമില്ലെന്ന് രക്ഷിതാക്കള്‍
Monday, May 11, 2015 6:47 AM IST
റിയാദ്: അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞ് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചത് രക്ഷിതക്കാളെ ദ്രോഹിക്കാന്‍ മാത്രമെ ഉപകരിക്കകയുള്ളൂവെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് കൂട്ടായ ഒരു വേദിയില്ലാത്തതിനാല്‍ ഒറ്റപ്പെട്ട പരാതികള്‍ അധികൃതര്‍ പരിഗണിക്കാതെ പോവുകയാണ്.

ഏപ്രില്‍ ഒന്നു മുതല്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ട്യൂഷന്‍ ഫീസ് 30 റിയാലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തേക്ക് ഒരു കുട്ടിക്ക് 675 റിയാലുണ്ടായിരുന്നത് ഇപ്പോള്‍ 765 റിയാല്‍ അടയ്ക്കണം. മൂന്നു വര്‍ഷം മുന്‍പ് 2012 ല്‍ അന്‍പത് റിയാലോളം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചിരുന്നു.

ഹയര്‍ ബോര്‍ഡിന്റെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ക്രമാതീതമായ ചെലവുകള്‍ നേരിടാന്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നുമാണ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത്. ഈ വര്‍ഷം സ്കൂള്‍ ജീവനക്കാരുടെ പേ റിവിഷനിലൂടെ ശമ്പള സ്കെയില്‍ കൂട്ടിയത് ചെലവ് വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണമായി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

സ്കൂളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിലവിലുണ്ടായിരുന്ന പേരന്റ്സ് ഫോറം ഇപ്പോള്‍ പഴയ പോലെ സജീവമല്ല. ശനിയാഴ്ചകളില്‍ ട്യൂഷന്‍ ഫീസ് സ്വീകരിച്ചിരുന്നത് അടുത്ത കാലത്ത് നിര്‍ത്തി വച്ചിരുന്നു. ഇത് അടുത്ത ശനിയാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തതായി ഒരു മാനേജിംഗ് കമ്മിറ്റിയംഗം അറിയിച്ചു.

ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചതോടൊപ്പം മൂന്നാമത്തെ കൂട്ടിക്ക് മുതല്‍ നല്‍കിയിരുന്ന 30 ശതമാനം ഇളവ് വെട്ടിക്കുറച്ച് 20 ശതമാനമാക്കാനും മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ എംബസിയിലെ പ്രദേശികമായി റിക്രൂട്ടിംഗ് ചെയ്ത സ്റാഫുകളുടെ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന 75 ശതമാനം ട്യൂഷന്‍ ഫീസ് ഇളവ് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. സ്കൂള്‍ ജീവനക്കാരുടെ മക്കള്‍ക്ക് 50 ശതമാനം മാത്രമാണ് ട്യൂഷന്‍ ഫീസില്‍ ഇളവുള്ളത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍