എസ്എന്‍എ വിഷുവും മഹാകവി കുമാരനാശാന്റെ ജന്മദിന വാര്‍ഷികവും ആഘോഷിച്ചു
Thursday, May 7, 2015 5:38 AM IST
ന്യൂയോര്‍ക്ക്: ശ്രീനാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഈ വര്‍ഷത്തെ വിഷു ആഘോഷവും മഹാകവി കുമാരനാശാന്റെ 142 -ാം ജന്മദിന വാര്‍ഷികവും ഏപ്രില്‍ 26-ാം തീയതി (ഞായറാഴ്ച) ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്രത്തില്‍വച്ച് സമുചിതമായി ആഘോഷിച്ചു.

ശ്രീനാരായണ യൂത്ത് ഫോറം ഭാരവാഹികള്‍ ഭദ്രദീപം കൊളുത്തി ദൈവദശകം ആലപിച്ചു. തുടര്‍ന്ന് എസ്എന്‍എ പ്രസിഡന്റ് പ്രസന്നന്‍ ഗംഗാധരന്‍ സ്വാഗതം ആശംസിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ അസോസിയേഷന്‍ ന്യൂയോര്‍ക്ക് വനിതാ ഫോറം ഭാരവാഹികളായ ബിന്ദു വാലത്ത്, ഗായത്രി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ വിഷുക്കണി അതിമനോഹരമായിരുന്നു. വിഷുക്കൈനീട്ടവും വിഭവസമൃദ്ധമായ വിഷുസദ്യയും യൂത്ത് ഫോറം അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

മുന്‍ പ്രസിഡന്റ് ജനാര്‍ദനന്‍ ഗോവിന്ദന്‍, കെ.ജി. സഹൃദയ പണിക്കര്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ലളിത ഹരിദാസ്, സജി കമലാസനന്‍, യൂത്ത് ഫോറം പ്രസിഡന്റ് അരുണ്‍ ശിവന്‍ എന്നിവര്‍ വിഷു സന്ദേശങ്ങള്‍ നല്‍കി.

മഹാകവി കുമാരനാശാന്റെ 142-ാം ജന്മദിനത്തിനു തുടക്കം കുറിച്ചുകൊണ്ട് എസ്എന്‍എ മുന്‍ ചെയര്‍മാന്‍ പുളിക്കല്‍ വാസുദേവ് കുമാരനാശാന്റെ കവിതകളെക്കുറിച്ച് വിശദമായി സംസാരിച്ചു. ശ്രീനാരായണ ഗുരുവും കുമാരനാശാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ബിജു ഗോപാല്‍ സംസാരിച്ചു.

വൈസ് പ്രസിഡന്റ് സുരേഷ് ബാബു ചിറക്കുഴിയില്‍ ആയിരുന്നു പരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ ചേന്നാട്ട്, വൈസ് പ്രസിഡന്റ് സുരേഷ് ബാബു ചിറക്കുഴിയില്‍, ട്രഷറര്‍ സുനില്‍കുമാര്‍ കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ ചേന്നാട്ടിന്റെ നന്ദിപ്രകടനത്തോടെ ആഘോഷങ്ങള്‍ക്കു തിരശീല വീണു. എസ്എന്‍എയ്ക്കുവേണ്ടി ജയചന്ദ്രന്‍ രാമകൃഷ്ണന്‍ അറിയിച്ചതാണിത്.