മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠബാവായും പങ്കെടുക്കുന്നു
Monday, May 4, 2015 8:40 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനം 29-ാമത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെയും ശ്രേഷ്ഠ കാതോലിക്ക, ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെയും അനുഗ്രഹീത സാന്നിധ്യം ഈ വര്‍ഷത്തെ കുടുംബ മേളയുടെ സവിശേഷതകളില്‍ പ്രാധാന്യമേറിയതാണെന്നും ആ ധന്യ മുഹൂര്‍ത്തത്തിനായി സഭാംഗങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇടവക മെത്രാപ്പോലീത്ത യെല്‍ദൊ മാര്‍ തീത്തോസ് അഭിപ്രായപ്പെട്ടു.

'ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാര്‍, നിങ്ങള്‍ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹ നിര്‍മാണം' (കൊരിന്ത്യര്‍ 3:9) എന്നതായിരിക്കും കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. ഗ്യാട്ട്മാല ആര്‍ച്ച്ബിഷപ് യാക്കോബ് മാര്‍ എഡ്വാര്‍ഡോ അതിഥിയായി സംബന്ധിക്കും.

വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് വളരെ അടക്കും ചിട്ടയുമായി ക്രമീകരിക്കുന്ന ഈ കുടുംബ മേളയുടെ വിജയത്തിനായി ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍