നേപ്പാളിനു ഫോമയുടെ കരുതല്‍; കരുണ വറ്റാത്ത മനസുകള്‍ സഹായിക്കുക
Sunday, May 3, 2015 4:07 AM IST
മയാമി: ഭൂകമ്പത്തില്‍ മണ്ണും മനസും തകര്‍ന്നടിഞ്ഞ നേപ്പാളിനു ഫോമയുടെ കരുതലും കൈത്താങ്ങും. ഏകദേശം 7000 ത്തില്‍ അധികം പേര്‍ മരണമടഞ്ഞ നേപ്പാളിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ജനതയുടെ ദുരിതപൂര്‍ണ ജീവിതത്തിന് അല്പം സഹായം നല്കുന്നതിനും എന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചാരിറ്റിക്കു മുന്‍തൂക്കം നല്കിയിട്ടുള്ള ഫോമ അതിന്റെ അംഗസംഘടനകളോടൊത്തു നേപ്പാള്‍ ഡിസാസ്റര്‍ റിലീഫ് ഫണ്ട് സ്വരൂപിക്കുകയാണ്. ഫോമായോടൊപ്പം നേപ്പാള്‍ ദുരിതാശ്വാസ നിധിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോമയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ംംം.ളീാമമ.രീാ വഴിയാണ് സഹായം അയയ്ക്കേണ്ടത്. പേ പാല്‍ സര്‍വീസുമായി ചേര്‍ന്നാണു പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്

ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഡാളസില്‍നിന്നുള്ള ഫിലിപ് ചാമത്തില്‍ ആണു ഈ ആശയം എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. അതിനായി 500 ഡോളര്‍ അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തു. ഫോമയുടെ വെബ് സൈറ്റ് കോ-ഓര്‍ഡിനേറ്ററായ ജോബി സെബാസ്റ്യന്‍ ആണു പേ പാല്‍ സര്‍വീസ് സംവിധാനം കൈകാര്യം ചെയ്യുന്നത്.

ഓരോ ഇന്ത്യക്കാരനും തങ്ങളുടെ സൌഹൃദരാജ്യമായ നേപ്പാളിനു കൈയയച്ച് സഹായം വാഗ്ദാനം ചെയ്യേണ്ട സമയമാണിത്. ദുരന്തസമയത്ത് എന്നും കൈത്താങ്ങുമായെത്തുന്ന മലയാളിയുടെ നന്മയാണു ഫോമ ഫണ്ട് ശേഖരണത്തിലൂടെ ലോകത്തിനു മുന്നില്‍ മാതൃകയാക്കുന്നത്.

നേപ്പാളില്‍ കനത്ത നാശംവിതച്ച ഭൂചലനത്തിന് 20 തെര്‍മോ ന്യൂക്ളിയര്‍ ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്ന സ്ഫോടനത്തേക്കാള്‍ ശക്തിയുണ്ടായിരുന്നുവെന്നാണു ഗവേഷകര്‍ കണ്െടത്തിയിരിക്കുന്നത്. അതായത് രണ്ടാംലോകമഹായുദ്ധക്കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച അണുബോംബിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതായിരുന്നു ഭൂചലനം. അതുകൊണ്ടുതന്നെ നേപ്പാള്‍ ഇന്ന് നമ്മുടെയൊക്കെ അകമഴിഞ്ഞ സഹായം ആവശ്യപ്പെടുന്നുണ്ട്. നേപ്പാളിന്റെ കണ്ണീരുണക്കാന്‍ കരുണവറ്റാത്ത സുമനസുകള്‍ ഫോമയ്ക്കു വേണ്ടി അണിചേരണമെന്നു ഫോമ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്