ഫിലാഡല്‍ഫിയയില്‍ റിമി ടോമി, സ്റീഫന്‍ ദേവസി നയിക്കുന്ന സംഗീതസായാഹ്നം മേയ് മൂന്നിന്
Saturday, May 2, 2015 8:24 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയുടെ ധനശേഖരണാര്‍ഥം സുപ്രസിദ്ധ സിനിമാ പിന്നണിഗായികയും ടിവി അവതാരകയും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവുമായ റിമി ടോമിയും പ്രശസ്ത സംഗീതജ്ഞനും കീബോര്‍ഡ് വിദഗ്ധനുമായ സ്റീഫന്‍ ദേവസിയും മറ്റു മികച്ച ഏഴു കലാകാരന്മാരും ഒന്നിച്ചണിനിരക്കുന്ന അപൂര്‍വ സംഗീതവിരുന്ന് സോളിഡ് ഫ്യൂഷന്‍ ടെംപ്റ്റേഷന്‍ മേയ് മൂന്നിനു(ഞായര്‍) വൈകുന്നേരം അഞ്ചിനു ഫിലാഡല്‍ഫിയായില്‍ അരങ്ങേറും.

നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലായിരിക്കും കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ യുവസംഗീതവിസ്മയങ്ങളായ റിമിയും സ്റീഫനും ഒന്നിച്ചണിനിരക്കുന്ന സംഗീതസായൂജ്യം 2015 നടത്തപ്പെടുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ സാം ഡി സംവിധാനം ചെയ്യുന്ന ഈ സംഗീതഷോയില്‍ ഇവരോടൊപ്പം പ്രശസ്ത പിന്നണിഗായകരായ പ്രദീപ് ബാബു, ശ്യാമപ്രസാദ് എന്നിവരും ഗാനങ്ങള്‍ ആലപിക്കും.

കഴിഞ്ഞ രണ്ടാഴ്ചകളില്‍ അമേരിക്കയിലെ അഞ്ചോളം പ്രധാന നഗരങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ മെഗാഹിറ്റ് സംഗീതഷോ ആസ്വദിക്കാന്‍ നൂറുകണക്കിനു സംഗീത-നൃത്ത ആസ്വാദകര്‍ എത്തിയിരുന്നു. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ കലാവിരുന്ന് യുവജനങ്ങളുടെ ഹരംകൂടിയാണ്. 

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടി 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍' എന്ന ഗാനം ആലപിച്ചുകൊണ്ടു സിനിമാ പിന്നണിഗായികയായി അരങ്ങേറ്റം കുറിച്ച റിമി ടോമി മലയാളത്തിലും തമിഴിലുമായി നൂറില്‍ പരം സിനിമകള്‍ക്കുവേണ്ടി പാടിക്കഴിഞ്ഞു. അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ അഭിനയിക്കുകയും കാര്യസ്ഥന്‍, 916 എന്നീ സിനിമകളുടെ ഗാനരംഗങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.  ജയറാമിനൊപ്പം നായികവേഷത്തില്‍ ഇപ്പോള്‍ തിങ്കല്‍ മുതല്‍ വെള്ളിവരെ എന്ന പുതിയ സിനിമയിലും അഭിനയിക്കുന്നു.

ലണ്ടന്‍ ട്രിനിറ്റി മ്യൂസിക് കോളജില്‍നിന്നും പിയാനോ പരീക്ഷയില്‍ ഏഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങി റിക്കാര്‍ഡിനുടമയായ സ്റീഫന്‍ ദേവസി ഇതിനോടകം ലോകത്തിന്റെ വിവിധ സ്റേജുകളില്‍ തന്റെ അതുല്യ കലാപ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. റെക്സ് ബാന്‍ഡ് എന്ന ക്രിസ്റ്യന്‍ സംഗീത ട്രൂപ്പിനൊപ്പം 2002 ല്‍ കാനഡായില്‍ നടന്ന വേള്‍ഡ് യൂത്ത് ഡേക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പങ്കെടുത്ത വേദിയില്‍ സംഗീതവിരുന്ന് അവതരിപ്പിച്ചിട്ടുള്ള സ്റീഫന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഹരിഹരന്‍, വയലിന്‍ വിദ്വാന്‍ എല്‍. സുബ്രമണ്യം എന്നിവരോടൊപ്പം വിവിധ സ്റേജ് ഷോകളില്‍ കീബോര്‍ഡ് വായിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കുവേണ്ടിയും, സംഗീത ആല്‍ബങ്ങള്‍ക്കുവേണ്ടിയും സ്റീഫന്‍ ദേവസി ഓര്‍ക്കസ്ട്ര നയിച്ചിട്ടുണ്ട്.

സംഗീതപരിപാടിയുടെ നടത്തിപ്പിനായി ഇടവക വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, ജോസ് മാളേയ്ക്കല്‍, വിന്‍സന്റ് ഇമ്മാനുവല്‍, ബിജി ജോസഫ്, ജോസ് കുന്നേല്‍, ജോസ് തോമസ്, ജിമ്മി ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, പോളച്ചന്‍ വറീദ്, സിബിച്ചന്‍ ചെമ്പ്ളായില്‍, ജോസഫ് വര്‍ഗീസ്, ടോം പാറ്റാനി, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. 

വിവരങ്ങള്‍ക്ക്: ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി 916 803 5307, സണ്ണി പടയാറ്റില്‍ 215 913 8605, ഷാജി മിറ്റത്താനി 215 715 3074, ടോം പാറ്റാനി 267 456 7850.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍