സാന്റാ അന്നയില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
Saturday, May 2, 2015 8:23 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

തിരുനാള്‍ കുര്‍ബാനയില്‍ ഫൊറോന ഇടവക വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനും ഫാ. സോണി സെബാസ്റ്യന്‍ എസ്വിഡി, ഫാ. ബിജു മണ്ഡപത്തില്‍ എസ്വിഡി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.

ദിവ്യബലി മധ്യേയുള്ള സന്ദേശത്തില്‍, വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വിശുദ്ധ ഗീവര്‍ഗീസിന്റെ ജീവചരിത്രം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ചു. ജീവിതത്തിലെ വെല്ലുവിളികള്‍ പ്രാര്‍ഥനയിലൂടെയും വിശുദ്ധരുടെ മാധ്യസ്ഥം വഴിയും തരണം ചെയ്യുമ്പോള്‍ ജീവിത വിജയം കൈവരിക്കാനാകുമെന്നും പൈശാചിക ശക്തിയില്‍നിന്നു രക്ഷനേടാന്‍ നിരന്തരമായി പ്രാര്‍ഥിക്കണമെന്നും ഫാ. ഇമ്മാനുവല്‍ ഉദ്ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും തുടര്‍ന്ന് പൊന്നിന്‍കുരിശും മുത്തുക്കുടകളും വാദ്യമേളങ്ങളുമായി വിശുദ്ധന്റെ രൂപവും വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി. ഇടവകയിലെ യുവതീയുവാക്കള്‍ മുത്തുക്കുടകള്‍ കൈകളിലേന്തി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് ഇടവകാംഗങ്ങള്‍ക്കു പുതിയ ഒരനുഭവമായിരുന്നു.

പ്രദക്ഷിണത്തിനുശേഷം വിശുദ്ധന്റെ രൂപം തൊട്ടുവണങ്ങി നേര്‍ച്ചഅപ്പം സ്വീകരിച്ച് സ്നേഹവിരുന്നില്‍ പങ്കുചേര്‍ന്നു. ഇടവകയിലെ ജോര്‍ജ് നാമഥേയരും വിശുദ്ധന്റെ ഭക്തരും ചേര്‍ന്നാണു തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഇമ്മാനുവല്‍ കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍ ഇടവകാംഗങ്ങളും ഒന്നായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം