മാര്‍ത്തോമാ സഭ ഭൂഭവന ദാന ഞായര്‍ മേയ് മൂന്നിന്
Saturday, May 2, 2015 5:38 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ ആഗോളാടിസ്ഥാനത്തില്‍ മേയ് മൂന്നിനു ഭൂ ഭവന ദാന ഞായര്‍ ആയി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് അന്നേദിവസം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിലുള്‍പ്പെട്ട ഇടവകകളില്‍ ശുശ്രൂഷാ മധ്യേ പ്രത്യേക ആരാധനകളും, സ്തോത്രകാഴ്ച സമര്‍പ്പണവും ക്രമീകരിച്ചിരിക്കുന്നു. ഭവനരഹിതരായ 100 പേര്‍ക്കു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിനായിരിക്കും സ്തോത്രകാഴ്ചയായി ലഭിക്കുന്ന തുക ചെലവഴിക്കുക.

1968ല്‍ ഡോ. യൂഹാനോന്‍ മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദീര്‍ഘവീക്ഷണത്തിന്റെ അനന്തര ഫലമാണ് മാര്‍ത്തോമാ സഭയില്‍ ഭൂഭവന ദാന പ്രസ്ഥാനം രൂപപ്പെട്ടത്. 46 വര്‍ഷം പൂര്‍ത്തീകരിച്ച ഈ പ്രസ്ഥാനത്തിനു 8300 ഭവനങ്ങള്‍ ഇതുവരെ ഭവന രഹിതര്‍ക്കായി നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

സാമ്പത്തികമായി സഹായിക്കാന്‍ കഴിവുള്ള ഓരോ ഇടവകയും ഓരോ ഭവനമെങ്കിലും സ്പോണ്‍സര്‍ ചെയ്യുന്നത് അനുഗ്രഹകരമായിരിക്കുമെന്നു അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ഉത്ബോധിപ്പിച്ചു. ഇടവകകളില്‍നിന്ന് ഈ ആവശ്യത്തിനായി ലഭിക്കുന്ന മുഴുവന്‍ തുകയും താമസംവിനാ സഭാ ഓഫീസില്‍ അടയ്ക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതു ചിലര്‍ക്ക് മാത്രമാകാതെ എല്ലാവര്‍ക്കും യാഥാര്‍ഥ്യമാക്കുന്നതിനായി സന്തോഷത്തോടെ കൊടുക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മാര്‍ത്തോമാ മെത്രാപ്പോലീത്ത ഇടവകകള്‍ക്കുള്ള സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ഥനയോടും ദീര്‍ഘവീക്ഷണത്തോടുംകൂടി പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്ത പദ്ധതികള്‍ വിജയിക്കുകതന്നെ ചെയ്യുമെന്നതിനു ഉത്തമമായ ഉദാഹരണമാണു മാര്‍ത്തോമാ സഭയുടെ ഭൂഭവനദാന പ്രസ്ഥാനം. അല്ലാത്തവ ജലരേഖകളായി അവസാനിക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍