ഐഎന്‍ഒസി പ്രവര്‍ത്തനോദ്ഘാടനം
Saturday, May 2, 2015 5:35 AM IST
ന്യൂജേഴ്സി: ഐഎന്‍ഒസിയുടെ 2015 വര്‍ഷത്തെ പുതിയ ദേശീയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി. ഏപ്രില്‍ 17ന് ആല്‍ബര്‍ട്ട് പാലസില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി പുതിയ പ്രസിഡന്റ് ലവിക്ക ഭഗത് സിംഗ് ചുമതലയേറ്റു.

2015 ഫെബ്രുവരി ഏഴിനു നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ട് നേടി വിജയിച്ച പ്രഥമ പ്രസിഡന്റ് ലവിക്ക, വളരെ വിനയത്തോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് ആരംഭിച്ച പ്രസംഗം കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. മുന്‍ നേതൃത്വത്തെയും മുന്‍ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗിനെയും ലവിക്ക ഭഗത് സിംഗ് അഭിനന്ദിച്ചു.

ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് തന്റെ പ്രസംഗത്തില്‍ എഐസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍ഒസിയുടെ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തന്റെ സര്‍വപിന്തുണയും വാഗ്ദാനം ചെയ്യുന്നതായും പറഞ്ഞു. വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, കേരള എന്നീ ചാപ്റ്ററുകളില്‍നിന്നുള്ള പ്രസിഡന്റുമാര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ന്യൂജേഴ്സി മുന്‍ സ്പീക്കര്‍ ഉപേന്ദ്ര ചിവുക്കുള മുഖ്യാതിഥിയായി പങ്കെടുത്തു.

കേരള ചാപ്റ്റര്‍ ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, ലവിക്ക ഭഗത് സിംഗിനെ ഷാള്‍ അണിയിച്ചു. ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ ഷാള്‍ അണിയിച്ച് അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

ജോബി ജോര്‍ജ് തന്റെ പ്രസംഗത്തില്‍, ഐഎന്‍ഒസിയുടെ പുതിയ നേതൃത്വം മികച്ച രീതിയില്‍ പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കാനും, അതോടൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു പാലമായി പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. കേരളാ ചാപ്റ്ററിന്റെ എല്ലാ ആശംസകളും നേര്‍ന്നു. കേരള ചാപ്റ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് ജോയി ഇട്ടന്‍, പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍, ആര്‍.വി.പി. ചാക്കോ കോയിക്കലേത്ത്, ഐഎന്‍ഒസി ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് ഏബ്രഹാം തുടങ്ങി ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ ചാപ്റ്റര്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ നാനൂറിലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം