സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു
Thursday, April 30, 2015 8:53 AM IST
കുവൈറ്റ്: ലോക നാടക ദിനമായ മാര്‍ച്ച് 27ന് തിരുവനന്തപുരം കനകക്കുന്ന്

കൊട്ടാരത്തില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തില്‍ കുവൈറ്റിലേക്കാണ് രണ്ട് അവാര്‍ഡുകള്‍. മികച്ച രചന, മികച്ച നടി എന്നീ അവാര്‍ഡുകളാണ് കുവൈറ്റ് മലയാളികളായ സുനില്‍ ചെറിയാന്‍, ത്രേസ്യ വില്‍സണ്‍ യഥാക്രമം നേടിയത്.

കുവൈറ്റ്, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ അവതരിപ്പിച്ച പത്ത് നാടകങ്ങളില്‍ സുനില്‍ ചെറിയാന്‍ രചിച്ച് നിര്‍ഭയ കുവൈറ്റ് അവതരിപ്പിച്ച ഈ ചൂട്ട് ഒന്ന് കത്തിച്ചു തരുവോ? എന്ന നാടകം മികച്ച രചനക്കുള്ള അവാര്‍ഡും ഇതേ നാടകത്തിലെ അഭിനയത്തിന് ത്രേസ്യ വില്‍സണ്‍ മികച്ച നടിക്കുള്ള അവാര്‍ഡും നേടി.

ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു കുവൈറ്റിലെ മല്‍സരം. അക്കാദമി നാട്ടില്‍ നിന്നുമയച്ച ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍, സി.കെ. ഹരിദാസന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ നിര്‍ഭയ അവതരിപ്പിച്ച 'പശു' എന്ന നാടകവും സുനില്‍ ചെറിയാന് മികച്ച രചനക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.

വനിതകള്‍ മാത്രം അഭിനയിക്കുന്ന നിര്‍ഭയ നാടകസംഘത്തില്‍ ഇത്തവണ 33 വനിതകള്‍ വേഷമിട്ടു. പഴയ തലമുറയില്‍ നിന്നും എന്താണ് കൊള്ളേണ്ടതെന്നും തള്ളേണ്ടതെന്നും അറിയാവുന്ന പുതിയ തലമുറയുടെ കഥയാണ് ഈ ചൂട്ട് ഒന്നു കത്തിച്ചു തരുവോ? പറഞ്ഞത്.

കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും നാലു വീതവും ബഹറിനില്‍ നിന്ന് രണ്ട് നാടകങ്ങളുമാണ് മല്‍സരിച്ചത്. നാലു തലമുറകളും ഒപ്പം നീങ്ങുന്ന ചരിത്രവുമാണ് 'ഈ ചൂട്ടിന്റെ ഒഴുക്ക്. പശ്ചാത്തലം കുവൈറ്റ്. രാജഭരണത്തെയും ഏകാധിപത്യത്തെയും ജനാധിപത്യംഅതിജീവിക്കുമെന്ന പഴയ തലമുറയുടെ പാപങ്ങളെ പുതുതലമുറ എന്ന പോലെ സന്ദേശമാണ് നാടകം നല്‍കുന്നത്.

മികച്ച രണ്ടാമത്തെ നാടകം ഒറ്റപ്പെട്ടവന്‍ (സംസ്കൃതി,ഖത്തര്‍), സ്പെഷല്‍ ജൂറി അവാര്‍ഡ് മോഹനന്‍ പാവറട്ടി (ബഹറിനില്‍ അവതരിപ്പിച്ച സാക്ഷി എന്ന നാടകത്തിലെ അഭിനയത്തിന്).

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്