കേഫാക് അന്തര്‍ജില്ലാ ടൂര്‍ണമെന്റിനു തുടക്കം
Thursday, April 30, 2015 8:50 AM IST
കുവൈറ്റ്: കേഫാക് അന്തര്‍ജില്ലാ ടൂര്‍ണമെന്റിനു ആവേശജ്വലമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയ നിലവിലെ ചാമ്പ്യന്‍ തിരുവനന്തപുരത്തെ ഏകപക്ഷീയമായ ഒരു ഗോളിനു വയനാടിനെ അട്ടിമറിച്ചു. മത്സരത്തില്‍ മുന്‍തൂക്കം കാഴ്ചവയ്ക്കാനായെങ്കിലും ഗോള്‍ അവസരങ്ങള്‍ മുതലാക്കുവാന്‍ മറന്ന തിരുവനതപുരം വയനാടിന്റെ പ്രതിരോധത്തിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു. വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടിയ രജിത്തിനെ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞടുത്തു.

രണ്ടാം മത്സരത്തില്‍ എറണാകുളവും മലപ്പുറം ബിയും സമനിലയില്‍ പിരിഞ്ഞു. തൃശൂരും കോഴിക്കോടും തമ്മില്‍ നടന്ന ആവേശ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തൃശൂര്‍ വിജയിച്ചു. മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരേസമയം ഇരു പകുതികളെയും ആവേശത്തിലാക്കി കയറിയും ഇറങ്ങിയും കളിച്ചെങ്കിലും വിജയം തൃശൂരിനോപ്പം നില്‍ക്കുകയായിരുന്നു. കളിയിലെ കേമനായി തൃശൂരിന്റെ താരം രഞ്ജുവിനെ തെരഞ്ഞടുത്തു. മറ്റു മത്സരങ്ങളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കണ്ണൂര്‍ പാലക്കാടിനെയും മലപ്പുറം എ ടീം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കാസര്‍ഗോഡിനേയും പരാജയപ്പെടുത്തി.

വെള്ളിയാഴ്ച മിശ്രിഫ് കുവൈറ്റ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ കോഴിക്കോട് (കെഡിഎന്‍എ) കാസര്‍ഗോഡുമായും കാലിക്കട്ട് ബോയ്സ് എറണാകുളമായും തിരുവനന്തപുരം മലപ്പുറം എയുമായും കണ്ണൂര്‍ മലപ്പുറം ബിയുമായും , തൃശൂര്‍ വയനാടുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍