ആയുര്‍വേദത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു: ഡാളസ് സീനിയര്‍ ഫോറം
Wednesday, April 29, 2015 4:53 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്): ആഗോളതലത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍ അജ്ഞാതമായ പല മാരക രോഗങ്ങളും വ്യാപകമാകുകയും, ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും ഭീഷിണിയുയര്‍ത്തുകയും ചെയ്യുന്നു. ഈ രോഗങ്ങളെ യഥാവിധി കണ്െടത്തുന്നതിനും ഫലപ്രദമായ ചികിത്സകള്‍ നല്‍കുന്നതിനും അലോപ്പതി ചികിത്സ സമ്പ്രദായം പൂര്‍ണമായും വിജയിക്കുന്നില്ല. കോടിക്കണക്കിനു ഡോളറാണ് അലോപതി ചികിത്സാ ഗവേഷണങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ചെലവഴിക്കുന്നത്. വലിയ സാമ്പത്തിക ചെലവുകള്‍ ഇല്ലാതെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഋഷിവര്യരും, പ്രകൃതി ചികിത്സാ വിദഗ്ധരും ലക്ഷണം നോക്കിയും, സ്പര്‍ശിച്ചും രോഗനിര്‍ണയം നടത്തിയും, പ്രകൃതിയില്‍നിന്നുള്ള സസ്യാദികള്‍, വൃക്ഷങ്ങള്‍ എന്നിവരുടെ ഇല, പൂവ്വ്, കായ, വേര് എന്നിവ ഉപയോഗിച്ചു ഫലപ്രദമായ ആയുര്‍വേദ ചികിത്സകള്‍ നടത്തുകയും, രോഗം പൂര്‍ണമായും ഭേദമാക്കുകയും ചെയ്തിരുന്നു. ഈ രഹസ്യം മനസ്സിലാക്കി പ്രകൃതിയിലേക്കു മടങ്ങുമ്പോള്‍ ആയുര്‍വേദത്തിന്റെ പ്രസക്തി വര്‍ധിക്കുകതന്നെ ചെയ്യുമെന്നു പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ പുന്നൂസ് വൈദ്യന്‍ അഭിപ്രായപ്പെട്ടു.

ഏപ്രില്‍ 25നു (ശനിയാഴ്ച) കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സീനിയര്‍ ഫോറത്തില്‍ ആയുര്‍വേദവും, ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു പുന്നൂസ് വൈദ്യന്‍. അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യു വൈദ്യനെ സദസിനു പരിചയപ്പെടുത്തുകയും, സ്വാഗതമാശംസിക്കുകയും ചെയ്തു. മെഡികെയര്‍, മെഡിക്കെയ്ഡ് എന്ന വിഷയത്തെക്കുറിച്ച് മെനു. സോഷ്യല്‍ സെക്യൂരിറ്റി എപ്പോള്‍, എങ്ങനെ അപേക്ഷിക്കാം എന്നതിനെകുറിച്ചു സ്പെക്ട്രം റീജണ്‍ ഡയറക്ടര്‍ ഷിജു ഏബ്രഹാമും പ്രത്യേക പഠന ക്ളാസുകള്‍ നടത്തി.

സദസ്യരുടെ ചോദ്യങ്ങള്‍ക്കു പ്രബന്ധകര്‍ത്താക്കള്‍ മറുപടി നല്‍കി. സെക്രട്ടറി റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ സീനിയര്‍ ഫോറം സമാപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍