ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് വാര്‍ഷികം മേയ് രണ്ടിനു ഡാളസില്‍
Wednesday, April 29, 2015 4:52 AM IST
ഡാളസ്: നോര്‍ത്ത് ടെക്സസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ ഇരുപതാം വാര്‍ഷികം മെയ് രണ്ടിനു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ഡാളസില്‍ നടക്കുന്നു. വൈകുന്നേരം 5.30 നു തുടങ്ങുന്ന ആഘോഷ പരിപാടികള്‍ക്ക് എയര്‍പോര്‍ട്ടിനടുത്തുള്ള ഏട്രിയം ഹോട്ടലാണ് പരിപാടികള്‍ക്ക് വേദിയാവുക.

ആധുനിക നഴ്സിംഗ് സമ്പ്രദായത്തിനു തുടക്കമിട്ട ഫ്ളോറന്‍സ് നൈറ്റിംഗ്ഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന നഴ്സസ് വാരാഘോഷവും ഇതോടൊപ്പം നടക്കും.

ഇന്ത്യന്‍ നഴുസ്മാരുടെ നാഷണല്‍ സംഘടനയായ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (നൈന) പ്രസിഡന്റ് സാറ ഗബ്രിയേല്‍, മറ്റു പ്രതിനിധികള്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ഡോ. ശ്രീനിവാസ് ഗുനുകുല തുടങ്ങി പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും. ബാങ്ക്വറ്റ്, സാംസ്കാരിക പരിപാടികള്‍, മ്യൂസിക് നൈറ്റ് ഉള്‍പ്പെടെ വിവധ പരിപാടികളും ഉണ്ടാവും.

ഹരിദാസ് തങ്കപ്പന്‍ (പ്രസിഡന്റ്), മരിയ തോമസ് (വൈസ് പ്രസിഡന്റ്), ആനി തങ്കച്ചന്‍ (സെക്രട്ടറി), അന്നമ്മ മാത്യു (ട്രഷറര്‍), ഏലിക്കുട്ടി ഫ്രാന്‍സീസ് (പബ്ളിക് റിലേഷന്‍) എന്നിവരും ജെസി പോള്‍, പ്രിയാ വെസ്ലി, മേരി എബ്രഹാം, ലീലാമ്മ ചാക്കോ, എല്‍സ പുളിന്തിട്ട, സോയി ചാരി, ആലിസ് മാത്യു, ജാക്ലിന്‍ മൈക്കിള്‍, ഏലി ഇടിക്കുള എന്നീ എക്സിക്യുട്ടീവ് അംഗങ്ങളും ഉള്‍പ്പെടുന്ന ശക്തമായ ഒരു നേതൃത്വ നിരയാണ് ഈ വര്‍ഷം നഴ്സസ് അസോസിയേഷനു സാരഥികളാവുന്നത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍