ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍
Tuesday, April 28, 2015 6:58 AM IST
ഗാര്‍ലന്റ് (ഡാളസ്): അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള നടപടികള്‍ അടിയന്തരമായി കൈക്കൊളളണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ളക്സ് യൂണിറ്റിന്റെ പ്രവര്‍ത്തകയോഗം ഇന്ത്യാ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിച്ചു.

പാസ്പോര്‍ട്ട്, വീസ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെ സമീപിക്കുമ്പോള്‍ പ്രവാസികള്‍ക്കു ലഭിക്കുന്ന പ്രതികരണം അത്യന്തം നിരാശാജനകമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ പോലും യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനു നിരവധി കടമ്പകള്‍ തരണം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുളളതെന്ന് യോഗം ചൂണ്ടിക്കാട്ടി.

എപ്രില്‍ 26നു കിയാ റസ്ററന്റില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗത്തില്‍ നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ അകാലമൃത്യു വരിച്ച ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജനങ്ങളുടെ സ്മരണകള്‍ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണു യോഗ നടപടികള്‍ ആരംഭിച്ചത്.

പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ചു. ഓഗസ്റ് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന സംഘടനയുടെ രണ്ടാമത് ഗ്ളോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനും സമ്മേളനത്തില്‍ ഡിഎഫ്ഡബ്ള്യു യൂണിറ്റില്‍നിന്നു മൂന്നു പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. സംഘടനയുടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും ഗാര്‍ലന്റ്, മസ്കിറ്റ്, സണ്ണി വെയ്ല്‍ സിറ്റികളിലെ വിദ്യാലയങ്ങളില്‍നിന്നും ഉന്നത വിജയം കരസ്ഥമാക്കുന്ന ഹൈസ്കൂള്‍ ഗ്രാജുവേറ്റ്സിനെ (വാലിഡിക്ടോറിയന്‍, സാലുറ്റേറ്റോറിയന്‍) ആദരിക്കുന്നതിനും സോഷ്യല്‍ സെക്യൂരിറ്റി, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുളള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്നു നടന്ന സംഘടനാ ചര്‍ച്ചയില്‍ ഏലിയാസ് മര്‍ക്കോസ്, രാജന്‍ മേപ്പുറം, സാം മത്തായി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. സെക്രട്ടറി സിജു വി. ജോര്‍ജ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി