'നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലെ മുഴുവന്‍ പ്രതികളേയും പിടികൂടണം'
Monday, April 27, 2015 6:49 AM IST
കുവൈറ്റ് സിറ്റി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ സൂത്രധാരനും അല്‍ സറാഫ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ ഉതുപ്പു വര്‍ഗീസിനെ സിബിഐ കേസില്‍ പ്രതി ചേര്‍ത്തതോടെ ഈ തട്ടിപ്പില്‍ പങ്കാളികളായ മുഴുവന്‍ പേരേയും പിടികൂടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകം പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ആവശ്യപ്പെട്ടു.

അബൂഹലീഫ ഒലീവ് ഹാളില്‍ നടന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള ഘടകം ഫഹാഹീല്‍ മേഖലയിലെ ബ്രാഞ്ചുകളുടെ പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉതുപ്പു വര്‍ഗീസിനെ പ്രതി പട്ടികയില്‍നിന്നു നീക്കം ചെയ്യാന്‍ കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ യുഡിഎഫ് ഗവണ്‍മെന്റും കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരേ കുവൈറ്റിലെ പ്രവാസി സംഘടനകളും സമൂഹവും മൌനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് ജനറല്‍ സെക്രട്ടറി അംജദ് അലി തമിഴ്നാട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കേരള ഘടകം ജനറല്‍ സെക്രട്ടറി ഷാനവാസ് ചുണ്ട അധ്യക്ഷത വഹിച്ചു. ഫഹാഹീല്‍, സൂക്ക് സബ, മങ്കഫ്, അബൂഹലീഫ, മഹ്ബൂല എന്നീ ബ്രാഞ്ചുകളെയും അവയുടെ ഭാരവാഹികളെയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് പ്രസിഡന്റ് അബ്ദുള്‍ സലാം പാങ്ങ് പ്രഖ്യാപിച്ചു. കേരള ഘടകം സെക്രട്ടറി നവാസ് റഹ്മാന്‍ കേച്ചേരി പങ്കെടുത്തു. സംസ്ഥാന സമിതി അംഗം മജീദ് ഊരകം സ്വാഗതവും സലാം വടകര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍