ടീം ഇന്ത്യ 'മേടനിലാവ്' എന്ന പരിപാടി സംഘടിപ്പിച്ചു
Monday, April 27, 2015 6:48 AM IST
ഷാര്‍ജ: ഭിന്നശേഷിയുള്ള കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ഇടപഴകുവാന്‍ സഹായിക്കുക എന്ന ലക്ഷ്യവുമായി ടീം ഇന്ത്യ ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച 'മേടനിലാവ്' എന്ന പരിപാടി ശ്രദ്ധേയമായി.

സമൂഹത്തില്‍നിന്ന് അകന്നു നില്‍ക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു സഹായകമാകുന്ന വിധത്തിലുള്ള വിവിധ കര്‍മ പരിപാടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു ടീം ഇന്ത്യയുടെ നേതൃത്വത്തില്‍ കുടുംബസംഗമം നടന്നത്.

ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടിയില്‍ അവരോടൊപ്പം സമൂഹത്തിലെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും കൂടി ചേര്‍ന്നപ്പോള്‍ കളിയും ചിരിയും അനുഭവ പകര്‍ച്ചകളും കൊണ്ട് വ്യത്യസ്തമായ ഒരു കൂട്ടായ്മയായി മാറി. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി.

ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസം പകരാനും ഒപ്പം പരസ്പരം അറിയാനും ഉള്ള വേദിയായി സംഗമം മാറി. ഇത്തരം കുട്ടികള്‍ക്കായി ഇന്ത്യയിലും ഷാര്‍ജയിലും പഠന-ആരോഗ്യ-പുനരധിവാസ പദ്ധതികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ സൌകര്യങ്ങള്‍ ലഭിക്കുന്നതിനു വിവിധ പദ്ധതിയുമായി ടീം ഇന്ത്യ മുന്നോട്ടു പോകുമ്പോള്‍ അവരോടൊപ്പം നിരവധി സുമനസുകളും ചേരുകയാണ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷിബു രാജ്, ട്രഷറര്‍ ബിജു സോമന്‍, മോഹന്‍ വെഞ്ഞാറമൂട് എന്നിവര്‍ കൂട്ടായ്മയില്‍ സന്ദേശം നല്‍കി.

വിവധ മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മാധ്യമപ്രവര്‍ത്തകന്‍ ലിയോ രാധാകൃഷ്ണന്‍, അല്‍ സാദിക് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി ഡേവിസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

കാര്‍ത്തിക് വാസുദേവ്, സി.പി. മാത്യു, റെജി പാപ്പച്ചന്‍, ശശി വാര്യത്ത്, ഇസ്മായേല്‍ റാവുത്തര്‍, ജോമി കുരുവിള, ഹരിലാല്‍, മനോജ് പോള്‍, ജേക്കബ് ജോര്‍ജ്, പ്രിണ്‍സ് മാത്യു, വിപിന്‍, ഹാഷര്‍, നൈസര്‍, പ്രഭാകര്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.കെ. റെജി