അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രവാസി സംഘടനകള്‍ക്ക് മാതൃകയാവുന്നു
Monday, April 27, 2015 6:46 AM IST
ഡാളസ്: കേരളത്തിലെ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായ ധനം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഈ വര്‍ഷത്തെ വെല്‍ഫെയര്‍ ഫണ്ട് പ്രയോജനപ്പെടുത്തുവാന്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനത്തുള്ള പ്രതിനിധികളെ ടെലി കോണ്‍ഫറന്‍സ് നടത്തിയാണ് തീരുമാനം എടുത്തത്. ജാതിമത വ്യത്യാസം കൂടാതെ വരുമാനം കുറഞ്ഞവര്‍ക്കുവേണ്ടിയാണു വിവാഹ സഹായനിധി പ്രയോജനപ്പെടുത്തുക.

വിവാഹ സഹായനിധിയിലേക്കു ധാരാളം പ്രവാസികള്‍ അകമഴിഞ്ഞ് സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. നിര്‍ധന കുടുംബങ്ങളിലെ 10 പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം അസോസിയേഷന്‍ സെക്രട്ടറി ജോണ്‍ മാത്യു ചെറുകര വാഗ്ദാനം ചെയ്തു.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന തന്നു സഹായിക്കുന്ന പ്രവാസി സ്നേഹിതര്‍ക്ക് അസോസിയേഷന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ