'ആറന്മുള വിമാനത്തവളത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം'
Saturday, April 25, 2015 8:03 AM IST
ന്യൂയോര്‍ക്ക്: മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കുകയും അനുകൂല നിലപാടുകള്‍ കൈ ക്കൊള്ളുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആറന്മുളയിലെ വിമാനത്താവള പദ്ധതി എത്രയും വേഗം മുന്നോട്ടു കൊണ്ടു പോകുവാന്‍ സാധിക്കണം. മധ്യ തിരുവിതാംകൂറില്‍ നിന്നുമുള്ള പ്രവാസി സമൂഹം ഇതിനായി അധികാര സ്ഥാനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ മുന്നിട്ടിറങ്ങണമെന്ന് തോമസ് ടി. ഉമ്മന്‍ അഭ്യര്‍ഥിച്ചു.

മധ്യതിരുവിതാംകൂറില്‍ നിന്നും ലക്ഷക്കണക്കിന് പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ കുടുംബങ്ങള്‍ക്ക് യാത്രാ സൌകര്യം ലഭിക്കുന്നതോടൊപ്പം ഈ പ്രദേശത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ആധുനിക രീതിയിലുള്ള വിമാനത്താവളം ഉപയുക്തമാവും.

ശബരിമല, മാരാമണ്‍ തുടങ്ങിയ നിരവധി തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും വിനോദ സഞ്ചാരികള്‍ക്കും ഈ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും. നെടുമ്പാശേരിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ നേതൃത്വം നല്‍കുവാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രവാസി പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് മുന്‍കൈ എടുക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് തോമസ് ടി. ഉമ്മന്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ