ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബ് ട്രൈസ്റ്റേറ്റ് ചാപ്റ്റര്‍ യോഗം ന്യൂജേഴ്സിയില്‍ നടന്നു
Friday, April 24, 2015 5:49 AM IST
ന്യൂജേഴ്സി: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബ് ഒക്ടോബര്‍ ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മാധ്യമസമ്മേളനത്തിന്റെ മുന്നോടിയായി ട്രെെസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബിന്റെ പുതിയ ചാപ്റ്റര്‍ രൂപീകരിക്കുന്നതിനുള്ള യോഗം ഏപ്രില്‍ 18നു ന്യൂജേഴ്സിയിലെ ഇസ്ളിനില്‍ നടന്നു. ജൂണില്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ പ്രഖ്യാപ്പിക്കുകയും, ഔദ്യോഗികമായ ഉദ്ഘാടനം നടത്തുകയും ചെയ്യുമെന്നു യോഗത്തില്‍ തീരുമാനമായി.

അമേരിക്കന്‍ മണ്ണില്‍ ചിതറിപ്പോയ മാധ്യമപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അവരുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2014 നവംബറില്‍ രൂപംകൊണ്ട ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബ്ബ് ഒരു ദേശീയ മാധ്യമസംഘടന എന്ന നിലയില്‍ ഇതിനോടകംതന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആറു മാസ കാലയളവില്‍ കാനഡയിലും അമേരിക്കയിലുമായി വിവിധ സംസ്ഥാന തല ചാപ്റ്ററുകള്‍ രൂപവത്കരിക്കാന്‍ സാധിച്ചു.

വ്യത്യസ്തമായ ആശയങ്ങളും പ്രവര്‍ത്തനശൈലിയുമുള്ള ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബില്‍ മാധ്യമ രംഗത്തെ സമസ്ത മേഖലകളിലുമുള്ള പ്രവര്‍ത്തകര്‍ അംഗങ്ങളായുണ്െടന്നത് ഈ പ്രസ്ഥാനത്തെ വേറിട്ടു നിര്‍ത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ഹൃദയത്തിലേറ്റിയ ഈ സംഘടന ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. ദാരുണവും ദുരൂഹവുമായ സാഹചര്യത്തില്‍ വിദേശത്തു മരണമടഞ്ഞ യുവമാധ്യപ്രവര്‍ത്തകന്‍ സിബിന്‍ തോമസിന്റെ കുടുംബത്തിനു സഹായാര്‍ഥം ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ്ബ് ഒരു ലക്ഷം രൂപ നല്‍കി. പ്രശസ്ത അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റായ ഡാരില്‍ ഹോക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ താത്പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും മറക്കാനാകാത്ത ഒരു പഠന അനുഭവമായിരുന്നു. വളര്‍ന്നു വരുന്ന മാധ്യപ്രവര്‍ത്തകര്‍ക്കു പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്ക്ളബില്‍ നടത്തിവരുന്ന ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ഥികളില്‍നിന്നു മികച്ച വിദ്യാര്‍ത്ഥിയ കണ്െടത്തി സമ്മാനത്തുക നല്‍കി വരികയാണ്.

ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക രൂപവത്കരണത്തിനു മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രാജു ചിറമണ്ണില്‍, ജോജി കവനാല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കൊട്ടാരത്തില്‍, അനില്‍ മാത്യു, ജിനേഷ് തമ്പി, സുരേഷ് ഇല്ലിക്കന്‍, ജിനു മാത്യു, ബിനു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: രാജശ്രീ പിന്റോ