ആന്ധ്രാ സ്വദേശിയായ വീട്ടമ്മയും മൂന്നു പിഞ്ചു കുഞ്ഞുങ്ങളും നാട്ടിലേക്കു യാത്ര തിരിച്ചു
Thursday, April 23, 2015 6:58 AM IST
കുവൈറ്റ് സിറ്റി: ഡ്രൈവറായി ജോലി ചെയ്യവേ കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ കേസിനെത്തുടര്‍ന്ന് ജയിലില്‍ ആവുകയും പിന്നീട് നാട്ടിലേക്കു കയറ്റി അയയ്ക്കപ്പെടുകയും ചെയ്ത ആന്ധ്രപ്രദേശിലെ ഈസ്റ് ഗോദാവരി സ്വദേശി ചന്ദ്രശേഖര്‍ നുന്നാബിനയുടെ മൂന്നു പിഞ്ചു കുഞ്ഞുങ്ങളും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകരുടെ സഹായത്താല്‍ സ്വദേശത്തേക്കു യാത്രതിരിച്ചു.

ഭാര്യ ഉമയും നാലു മാസത്തോളമായി ഫര്‍വാനിയയില്‍ കലയുടെ സംരക്ഷണയിലായിരുന്നു. ഉമയ്ക്കും മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സഹായ ഹസ്തവുമായി കലാപ്രവര്‍ത്തകര്‍ സമീപിക്കുകയും അവര്‍ക്കു വേണ്ടുന്ന സഹായങ്ങളും താമസവും ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുകൊടുക്കുകയും ചെയ്തുവരികയായിരുന്നു.

ഉമയുടെയും മക്കളുടെയും വീസ കാലാവധി തീരുകയും ഭര്‍ത്താവ് ജയിലിലായതിനാല്‍ വീസ പുതുക്കാന്‍ സാധിക്കാതെ നിയമകുരുക്കിലകപ്പെട്ടു കിടക്കുകയുമായിരുന്നു. കല കുവൈറ്റ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ യാത്രാരേഖകള്‍ തയാറാക്കുകയും കഴിഞ്ഞ ദിവസം നാട്ടിലേക്കു യാത്രയാക്കുകയുമാണുണ്ടായത്. നാട്ടിലെത്തിയ ഉമയും കുട്ടികളും സഹായങ്ങള്‍ക്ക് കലയോടും മറ്റുള്ളവരോടും നന്ദി പറഞ്ഞു. ഈ വിഷയം പൊതു ജനശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ ഭാഗമായി നിരവധിപേര്‍ വിവിധ രീതിയിലുള്ള സഹായവുമായി കലയുമായി സഹകരിച്ചു. ഈ പ്രവര്‍ത്തനവുമായി സഹകരിച്ച എല്ലാവര്‍ക്കും കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍