സംഗമം സോക്കറില്‍ ഇനി കലാശപ്പോരാട്ടം
Thursday, April 23, 2015 6:53 AM IST
റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ സംഗമത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസമായി നടക്കുന്ന അല്‍മദീന സംഗമം സോക്കറിന്റെ ഫൈനല്‍ ഏപ്രില്‍ 24നു(വെള്ളി) നടക്കും.

കഴിഞ്ഞദിവസം നടന്ന ലീഗ് അവസാന റൌണ്ടിലെ രണ്ടു കളികളിലെ ആദ്യ മത്സരത്തില്‍ റോയല്‍ ഷൂട്ടേഴ്സ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു കിംഗ് ഇലവനെ തോല്‍പ്പിച്ചു. കളിയുടെ ആറാം മിനിട്ടില്‍ ഷൂട്ടേഴ്സ് വൈസ് ക്യാപ്റ്റന്‍ ഷാജിയുടെ ലോംഗ് റേഞ്ച് ഷോട്ട് കിംഗ് ഇലവന്‍ ഗോളിയെ നിഷ്പ്രഭമാക്കി വലയിലായി. തുടര്‍ന്നു ഫൈനലിലെത്താന്‍ ജയം അനിവാര്യമായിരുന്ന കിംഗ്സ് പതിനൊന്നാം മിനിട്ടില്‍ നേടിയ സമനില അധികനേരം നിലനിന്നില്ല. ഷൂട്ടേഴ്സ് ക്യാപ്റ്റന്‍ ഷംനാര്‍ 15-ാം മിനിട്ടില്‍ നേടിയ ഗോളിന് ഷെമീറിലൂടെ മറുപടി നല്‍കിയെങ്കിലും ഷാജിയുടെ അവസാന ഗോള്‍ റോയല്‍ ഷൂട്ടേഴ്സിനു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. രണ്ടു ഗോള്‍ നേടിയ ഷാജുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

തുടര്‍ന്നുനടന്ന രണ്ടാം മത്സരത്തില്‍ റിയാദ് ഫൈറ്റേഴ്സ് ഡസേര്‍ട്ട് ക്രൂസേഴ്സുമായി ഏറ്റുമുട്ടി. ആദ്യ പകുതി ഷൂട്ടേഴ്സ് താരങ്ങളായ അഫാം ബറാമി, ഷാദ് എന്നിവരിലൂടെ നടത്തിയ മൂന്നേറ്റങ്ങള്‍ ക്രൂസേഴ്സ് ഗോളി ഷൂക്കൂറിനെ മറികടക്കാനായില്ല. രണ്ടാം പകുതിയില്‍ ദാനിഷ് നേടിയ ഹാട്രിക് ഗോളിലൂടെ ഫൈറ്റഴ്േസ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. ഇബ്രാഹിം ക്രൂസേഴ്സിന്റെ ആശ്വാസ ഗോള്‍ നേടി. ദാനിഷ് മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഷക്കീബ് കൊളക്കാടന്‍, ഇക്ബാല്‍, എസ്. മാമു, ഹാരിസ് റൂമി, റിയാസ് എന്നിവര്‍ കളിക്കാരെ ഹസ്തദാനം ചെയ്തു. കെ.എം. ഇല്യാസ്, പി.പി. ഫിറോസ്, കെ.വി. നജ്മുദ്ദീന്‍, റഷീദ് എന്നിവര്‍ കളി നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍