യുവ വികസന സഭ സമാപിച്ചു
Monday, April 20, 2015 7:33 AM IST
കുവൈറ്റ്: ഗള്‍ഫിലെ സാധാരണക്കാരായ പ്രവാസികളുടെ സൌകര്യത്തിനായി പിഎസ്സി പരീക്ഷാ കേന്ദ്രം ആരംഭിക്കാനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നു വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ വ്യക്തമാക്കി.

റിസാല സ്റഡി സര്‍ക്കിള്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച യുവ വികസന സഭയിലെ മുഖ്യ സെഷനായിരുന്ന യൂത്ത് പാര്‍ലിമെന്റില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പ്രവാസികള്‍ സ്വയം തിരിച്ചറിയണമെന്നും പ്രത്യുത്പാദനപരമല്ലാത്ത വീടു നിര്‍മാണം പോലുള്ള സംരംഭങ്ങളില്‍ സമ്പത്ത് നശിപ്പിക്കുന്നതു നിര്‍ത്തലാക്കി ഭാവിയിലേക്കു കരുതി വയ്ക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രവാസി വോട്ടവകാശം സങ്കേതികതടസങ്ങള്‍ തീര്‍ത്ത് എത്രയും പെട്ടെന്നു നിലവില്‍ വരുന്നതു പ്രവാസികള്‍ക്ക് സമ്മര്‍ദശക്തിയാവാന്‍ ഉപകാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി പ്രതിനിധികളായ ജോണ്‍ മാത്യു, തോമസ് മാത്യു കടവില്‍, സഗീര്‍ ത്യക്കരിപ്പൂര്‍, ക്യഷ്ണന്‍ കടലുണ്ടി, അബ്ദുള്‍ ഫത്താഹ് തൈയില്‍, ബഷീര്‍ ബാത്ത, ശ്രീംലാല്‍ മുരളി, ഹംസ പയ്യന്നൂര്‍, അഹ്മദ് കെ. മാണിയൂര്‍, അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.എ. അലി അക്ബര്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുള്ള വടകര ചര്‍ച്ച നിയന്ത്രിച്ചു.

നേരത്തെ നടന്ന വിദ്യാര്‍ഥി സഭയില്‍ എംഎല്‍എ കുട്ടികളുമായി സംവദിച്ചു. ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പഠിക്കുക എന്നതാണു വിദ്യാര്‍ഥികളുടെ ചുമതലയെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

വിദ്യാര്‍ഥി സഭ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്തു. അഹമദ് കെ. മാണിയൂര്‍ ക്ളാസെടുത്തു. പ്രഫഷണല്‍ മീറ്റ് ഷിഫാ അല്‍ ജസീറ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റിസ്വാന്‍ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് അബ്ദുല്‍സലാം പഠന സെഷനു നേതൃത്വം നല്‍കി. വിചാര സഭയില്‍ ബര്‍ഗ്മാന്‍ തോമസ്, ഹനീഫ് വെള്ളച്ചാല്‍, സി.ടി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സദസ്യരുമായി സാഹിതീയ സംഭാഷണം നടത്തി.

സമാപന സമ്മേളനം സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ വി.പി.എം. ഫൈസി വില്ല്യാപള്ളി ഉദ്ഘാടനം ചെയ്തു. വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സയിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി, അബ്ദുള്‍ ഹഖീം ദാരിമി, സയിദ് ഹബീബ് ബുഖാരി, ഷുക്കൂര്‍ മൌലവി കൈപ്പുറം, ടി.എ. അലി അക്ബര്‍, അഹമദ് കെ. മാണിയൂര്‍, അബ്ദുള്ള വടകര, അഹമദ് സഖാഫി കാവനൂര്‍, ഡോ. ഗോപകുമാര്‍, അബ്ദുള്‍ ലത്തീഫ് സഖാഫി, ആബിദ് (ഐ ബ്ളാക്ക്), അഫ്സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്), സാദിഖ് കൊയിലാണ്ടി എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍