കേളി ഉപന്യാസമത്സരം ഫൈനല്‍ സംഘടിപ്പിച്ചു
Saturday, April 18, 2015 6:27 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏരിയ തലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫൈനല്‍ മത്സരം വെള്ളിയാഴ്ച്ച നടന്നു. 

'ഇന്നിന്റെ വായന' എന്ന വിഷയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കേളിയുടെ പതിനാലു ഏരിയകളില്‍ നിന്നായി ഏരിയതല മത്സരത്തില്‍ വിജയികളായ 42 പേര്‍ പങ്കെടുത്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ്കുമാര്‍ മത്സരം ഉദ്ഘാടം ചെയ്തു. വായിക്കുന്നു എന്നതു മാത്രമല്ല ആരു വായിക്കുന്നു, എന്തു വായിക്കുന്നു എന്നതും പ്രധാനമാണെന്നും സര്‍ഗാത്മക ചരിത്രബോധത്തെയും സംസ്കാരത്തിന്റെ രാഷ്ട്രീയത്തെയും കൂട്ടിയിണക്കുന്ന ഒരു പ്രവര്‍ത്തനം തന്നെയാണു വായനയെന്നും അതുകൊണ്ടുതന്നെ മാറുന്ന ലോകക്രമത്തില്‍ കാലഘട്ടത്തിന്റെ വായന അല്ലെങ്കില്‍ 'ഇന്നിന്റെ വായന' അനിവാര്യമാണെന്നും മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് സതീഷ് കുമാര്‍ പറഞ്ഞു.

ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക കമ്മിറ്റി അംഗം സതീഷ്കുമാര്‍ വിഷയ വിശദീകരണം നടത്തി. സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന്‍ സ്വാഗതവും ശശി പുഞ്ചപ്പാടം നന്ദിയും പറഞ്ഞു. കേളി സെക്രട്ടറി റഷീദ് മേലേതില്‍, ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് ഷൌക്കത്ത് നിലമ്പൂര്‍, കേന്ദ്ര കമ്മിറ്റി അംഗം ഹസന്‍ കോയ സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ ടി.ആര്‍. സുബ്രഹ്മണ്യന്‍, സെബിന്‍ ഇഖ്ബാല്‍, സിജിന്‍ കൂവല്ലൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സാംസ്കാരിക കമ്മിറ്റി അംഗം സതീഷ്കുമാര്‍ പരിപാടിക്കു നേത്യത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍